രാഷ്ട്രപതിയുടെ പുരസ്‌കാരങ്ങള്‍ നേടിയ മൂന്ന് സൈനികര്‍ക്ക് ജന്മനാടിന്റെ ആദരം

Local News

മലപ്പുറം: രാഷ്ട്രപതിയുടെ പുരസ്‌കാരങ്ങള്‍നേടിയ മൂന്ന് സൈനികര്‍ക്ക് ജന്മനാടിന്റെ ആദരം.സൈനിക സേവന രംഗത്തെ രാഷ്ട്രപതിയുടെ വിവിധ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ പരപ്പനങ്ങാടിയിലെ മൂന്ന് ഉന്നത സൈനികര്‍ക്കാണു നാട്ടുകാര്‍ അര്‍ഹിച്ച സ്വീകരണം നല്‍കിയത്.
വിശിഷ്ട സേവാമെഡല്‍, അതിവിശിഷ്ട സേവാമെഡല്‍ എന്നിവ നേടിയ ആസ്സാം റൈഫിള്‍സ് ഡയരക്ടര്‍ ജനറലായ ലെഫ്റ്റനന്റ് ജനറല്‍ പ്രദീപ്ചന്ദ്രന്‍നായര്‍, സേവാമെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍ പുരസ്‌കാരം കരസ്ഥമാക്കിയ ജനറല്‍ കെ.നാരായണന്‍,ആസാം റൈഫിള്‍സ് കമാന്‍ഡന്റ് എം.ശശീന്ദ്രന്‍ എന്നിവരെയാണ് നാട് ആദരിച്ചത്. ഉന്നതസൈനികരെ വാദ്യ താളമേളങ്ങളുടെ അകമ്പടിയോടെ പരപ്പനാട് കോവിലകം സ്‌കൂളിലേക്ക് ആനയിച്ചു. സംസ്ഥാന കായിക, വഖഫ് ,റെയില്‍വേ, തപാല്‍ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പരിപാടി ഉല്‍ഘാടനം ചെയ്തു..

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി. കെ.പി.എ.മജീദ്എം.എല്‍.എഅധ്യക്ഷനായി. പരപ്പനങ്ങാടി നഗരസഭാ ചെയര്‍മാന്‍ എ.ഉസ്മാന്‍, നഗരസഭാ കൗണ്‍സിലര്‍ സി.ജയദേവന്‍,സി.എം.ബാലസുബ്രഹ്മണ്യന്‍, കെ.പ്രഭാകരന്‍, തുടങ്ങിയവര്‍ സംസാരിച്ചു. വിമുക്ത ഭടന്‍ ബാലന്‍ വള്ളിക്കുന്നിന്റെ പുസ്തക പ്രകാശനവും കവിതാപാരായണവും തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു. സൈനിക സേവന രംഗത്തെ പരപ്പനങ്ങാടിക്കാരായ മൂന്ന് വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് ദേശീയ ബഹുമതി ലഭിക്കുക വഴി ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിന്‍ പരപ്പനങ്ങാടിക്കാര്‍ക്ക് അഭിമാനത്തിന്റെ തൃമധുരമാണ് ലഭിച്ചത്.സ്തുത്യര്‍ഹ സൈനിക സേവനത്തിന് ദേശീയ അംഗീകാരം നേടുന്ന പരപ്പനങ്ങാടിയുടെ പട്ടാളപ്പെരുമയില്‍ ജന്മനാട് അഭിമാന പുളകിതരാണ്.ഇന്ത്യാ പാക് യുദ്ധത്തില്‍ രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച നെടുവയിലെ ചോ നാം കണ്ടത്തില്‍ രാമചന്ദ്രന്‍ ,മുന്‍ ആസ്സാം റൈഫിള്‍ ഡയരക്ടര്‍ ജനറല്‍ പി ഇ മേനോന്‍, വീരചക്ര ബഹുമതി നേടിയ ബ്രിഗേഡിയര്‍ വേണുഗോപാലമേനോന്‍ ,ലെഫ് കേണല്‍ വിശ്വനാഥമേനോന്‍ ,തുടങ്ങി അടുത്തിടെ ലഡാക്കിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച അയ്യപ്പന്‍കാവിലെലാന്‍സ് നായിക് മുഹമ്മദ് ഷൈജല്‍ തുടങ്ങിയവര്‍ ഈ നാടിന്റെ വീരസ്മരണകളാണ്. പരപ്പനങ്ങാടി നഗരസഭാ പരിധിയില്‍ നൂറോളം പേര്‍ ഇപ്പോഴും സൈനിക സേവനമേഖലയില്‍ സേവനമനുഷ്ഠിക്കുന്നവരും അതിന്റെ ഇരട്ടിയോളം പേര്‍ സൈനിക സേവനത്തില്‍ നിന്നും വിരമിച്ചവരും പരപ്പനങ്ങാടിയുടെ പട്ടാളപ്പെരുമയിലുണ്ട്.

For latest news Click Here