പ്രദേശവാസികള്‍ക്ക് ആടുകളെ സമ്മാനിച്ച് ഒരു വാര്‍ഡ് മെമ്പര്‍

Local News

മലപ്പുറം: സ്വയം തൊഴില്‍ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി പ്രദേശവാസികള്‍ക്ക് ആടുകളെ സമ്മാനിച്ച് വാര്‍ഡ് മെമ്പര്‍. മാറാക്കര പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും എട്ടാം വാര്‍ഡ് മെമ്പറുമായ ഉമറലി കരേക്കാടാണ് ഈ ആശയത്തിന് പിന്നില്‍. വാര്‍ഡിലെ സ്വയം തൊഴില്‍ സംഗമത്തില്‍ പങ്കെടുത്ത ആളുകളില്‍ നിന്നും നറുക്കെടുപ്പിലൂടെയായിരുന്നു വിജയികളെ കണ്ടെത്തിയത്.
സ്വയം തൊഴില്‍ ആശയം പങ്ക് വെച്ചാണ് മാറാക്കര പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും എട്ടാം വാര്‍ഡ് മെമ്പറുമായ ഉമറലി കരേക്കാട് പുത്തന്‍ ആശയം നടപ്പിലാക്കുന്നത്. കരേക്കാട് വെച്ച് നടത്തിയ സ്വയം തൊഴില്‍ സംഗമത്തില്‍ പങ്കെടുത്ത ആളുകളില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തിയായിരുന്നു പദ്ധതിക്ക് തുടക്കമിട്ടത്. നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി ഒരു പെണ്ണാടിനെയും രണ്ട് കുട്ടികളെയുമാണ് നല്‍കിയത്. പ്രദേശവാസികളില്‍ സ്വയം തൊഴില്‍ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നറുക്കെടുപ്പ് നടത്തിയത്. രണ്ടും മൂന്നും സമ്മാനങ്ങള്‍ ആട്ടിന്‍ കുട്ടികള്‍,മൂന്നാം സമ്മാനമായി നാടന്‍ കോഴി യൂണിറ്റ്, നാലാം സമ്മാനമായി കാര്‍ഷിക ഉപകരണങ്ങള്‍, മറ്റ് പ്രോത്സാഹന സമ്മാനങ്ങള്‍ എന്നിവയുമാണ് നല്‍കിയത്. എട്ടാം വാര്‍ഡ് പ്രദേശവാസികള്‍ക്കായിരുന്നു സമ്മാന പദ്ധതിയില്‍ പങ്കെടുക്കാന്‍ ഉള്ള അവസരം ഉണ്ടായിരുന്നത്. സമ്മാനങ്ങള്‍ മുഴുവനും മെമ്പര്‍ തന്നെ നേരിട്ട് സ്‌പോണ്‍സര്‍ ചെയ്യുകയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന സമയത്ത് പഞ്ചായത്ത് തലത്തില്‍ നിരവധി വ്യത്യസ്ത ആശയങ്ങള്‍ നടപ്പിലാക്കി വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഒരാളുകൂടിയായിരുന്നു ഉമറലി കരേക്കാട്. നൂറ് കണക്കിന് വാര്‍ഡ് നിവാസികള്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ച് വിജയികള്‍ക്കുള്ള സമ്മാന വിതരണം വാര്‍ഡ് മെമ്പര്‍ ഉമറലി കരേക്കാട് നിര്‍വഹിച്ചു.