ടോറസിടിച്ച് നിയന്ത്രണംവിട്ട ബസ് മറ്റൊരു ബസിലേക്ക് ഇടിച്ചുകയറി

Local News

മലപ്പുറം: എടരിക്കോട് മമ്മാലിപ്പടിയില്‍ സ്വകാര്യ ബസില്‍ മറ്റൊരു ബസിടിച്ച് അപകടം. യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടം സൃഷ്ടിച്ചത് അമിത വേഗത്തിലെത്തിയ ടോറസ്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത്. എടരിക്കോട് നിന്ന് തിരൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് കല്‍പ്പകഞ്ചേരിയില്‍ നിന്ന് വരികയായിരുന്ന മറ്റൊരു ബസില്‍ ഇടിക്കുകയായിരുന്നു. കല്‍പ്പകഞ്ചേരിയില്‍ നിന്നുള്ള ബസ് തിരൂര്‍ റോഡിലേക്ക് പ്രവേശിക്കുന്നതിനിടെയായിരുന്നു അപകടം. എടരിക്കോട് നിന്ന് വരികയായിരുന്ന ബസിന്റെ പിന്നില്‍ ടോറസ് ഇടിച്ചതോടെ ബസ് നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കല്‍പ്പകഞ്ചേരിയില്‍ നിന്നുള്ള ബസ് തിരൂര്‍ റോഡിലേക്ക് പ്രവേശിക്കുന്നത് കണ്ട് എടരിക്കോട് നിന്നുള്ള ബസ് വേഗത കുറച്ചപ്പോഴാണ് അമിതവേഗത്തില്‍ വന്നിരുന്ന ടോറസ് ബസിന് പിന്നില്‍ ഇടിച്ചത്. ബസുകളിലെ ഡ്രൈവര്‍മാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഏതാനും യാത്രക്കാര്‍ക്കും നിസാര പരിക്കേറ്റു. വേഗത കുറച്ച സമയമായതിനാലാണ് വന്‍ അപകടം വഴിമാറിയത്.