ചെമ്മംകടവ് ഹോക്കി താരങ്ങൾ ജലന്ധറിലേക്ക്.

Keralam News Sports

മലപ്പുറം: ജനുവരി അഞ്ച് മുതൽ പഞ്ചാബിലെ ജലന്ധറിൽ നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസ് സീനിയർ ബോയ്സ് ഹോക്കി ചാമ്പ്യൻഷിപ്പിൽ പി.എം.എസ്.എ.എം.എ.എച്ച്.എസ്.എസ് ചെമ്മം കടവിൽ നിന്നും രണ്ട് താരങ്ങൾ കേരളാ ജേഴ്സിയണിഞ്ഞ് പങ്കെടുക്കും. പി.ടി.അൻഫാസ്, എസ്.മുഹമ്മദ് അനസ് എന്നീ താരങ്ങൾ കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിലേക്ക് പരിശീലനത്തിനായി പുറപ്പെട്ടു.
മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങൾ കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സ്കൂൾ സീനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് വെങ്കല മെഡൽ നേടിയിരുന്നു. കളിക്കളത്തിൽ ഇന്ദ്രജാലം തീർക്കുന്ന ഈ കായിക താരങ്ങൾ കേരളാ ഹോക്കി സംസ്ഥാന ടൂർണമെൻ്റ്, സംസ്ഥാന സ്കൂൾ ചാമ്പ്യൻഷിപ്, സംസ്ഥാന നെഹ്റു ഹോക്കി ,ജില്ലാ ഹോക്കി ചാമ്പ്യൻഷിപ്പുകൾ എന്നിവയിലും പങ്കെടുത്ത് വിജയികളായിട്ടുണ്ട്.

ഡിസംബർ ഇരുപത്തൊമ്പത് മുതൽ ഒരാഴ്ചക്കാലം കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ പരിശീലനം പൂർത്തിയാക്കി കേരള ടീം മൂന്നിന് ജലന്ധറിലേക്ക് പുറപ്പെടും.
സംസ്ഥാന മത്സരത്തിൽ പങ്കെടുത്ത പതിനാല് ജില്ലാ ടീമുകളിലെ ഹോക്കി താരങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പതിനെട്ടംഗ സംസ്ഥാന ടീമിലിടം നേടിയ മലപ്പുറം ജില്ലയിലെ താരങ്ങളാണ് ചെമ്മംകടവ് ഹയർ സെക്കണ്ടറി സ്കൂളിലെ ഈ വിദ്യാർത്ഥികൾ. സംസ്ഥാന ഹോക്കി ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനമാണ് ഇവർക്ക് സംസ്ഥാന ടീമിൽ ഇടം നേടുവാൻ സഹായിച്ചത്.

സ്കൂളിലെ സ്പോട്സ് ക്ലബ്ബായ “ദ ഫ്ലിക്ക് ” ചെമ്മംകടവിലെ ചിട്ടയായ പരിശീലനത്തിലൂടെ നിരവധി ദേശീയ താരങ്ങളാണ് ഈ വിദ്യാലയത്തിൽ പിറവിയെടുത്തിട്ടുള്ളത്. ഇന്ത്യൻ ഇൻ്റോർ ഹോക്കി കോച്ചും, ഹോക്കി ഇന്ത്യ ലെവൽ വൺ പരിശീലകനും കായികാദ്ധ്യാപകനുമായ ഡോ.മുഹമ്മദ് ഷറഫുദ്ദീൻ റസ് വിയാണ് ഇവരുടെ പരിശീലകൻ. കേരള സ്കൂൾ ടീമിൻ്റെ ദീർഘകാല പരിശീലകനായി സേവനമനുഷ്ഠിച്ച് തിളങ്ങിയിട്ടുള്ള ഈ അധ്യാപകൻ ഇക്കുറിയും സംസ്ഥാന ടീമിൻ്റെ പരിശീലകനാണ്. അരുൺ ഫ്രാൻസിസാണ് ടീമിൻ്റെ മാനേജർ.

സംസ്ഥാന ടീമിലിടം നേടിയ താരങ്ങളെ പി.ടി.എ പ്രസിഡൻ്റ് പി.പി.നാസർ പ്രിൻസിപ്പാൾ എൻ.കെ. മുജീബ് റഹ്മാൻ, ഹെഡ്മാസ്റ്റർ പി.മുഹമ്മദ് അബ്ദുൽ നാസർ എന്നിവർ അഭിനന്ദിച്ചു.