പാലക്കാട്-കോഴിക്കോട് ഗ്രീന്‍ ഫീല്‍ഡ് ഹൈവേക്ക് ആയിരം കോടിയിലധികം നഷ്ടപരിഹാര വിതരണം ചെയ്തു

Keralam Local News

മലപ്പുറം: പാലക്കാട് കോഴിക്കോട് ഗ്രീന്‍ ഫീല്‍ഡ് ദേശീയപാതക്ക് വേണ്ടി മലപ്പുറം ജില്ലയില്‍ നിന്നും ഏറ്റെടുക്കുന്ന ഭൂമികളുടെയും കുഴിക്കൂര്‍ ചമയങ്ങളുടെയും നഷ്ടപരിഹാരമായി ഇതിനകം 1005,02,16,505/ രൂപ വിതരണം ചെയ്തതായി മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. ദേശീയപാത (എന്‍.എച്ച് 966 ഗ്രീന്‍ ഫീല്‍ഡ്) സ്ഥലമെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഡോ. ജെ.ഒ അരുണിന്റെ നേതൃത്വത്തിലാണ് സ്ഥലമെടുപ്പ് നടപടികള്‍ വേഗത്തിലാക്കി നഷ്ടപരിഹാരം വിതരണം ചെയ്തു വരുന്നത്. സെപ്റ്റംബര്‍ അഞ്ചിനാണ് ജില്ലയില്‍ നഷ്ടപരിഹാര വിതരണം ആരംഭിച്ചത്. ഓരോ വില്ലേജിലും നഷ്ടപരിഹാരം നല്‍കിയ ആളുകളുടെ എണ്ണവും ഏറ്റെടുത്ത മുഴുവന്‍ ഭൂമിയും (ഹെക്ടറില്‍) വിതരണം ചെയ്ത നഷ്ടപരിഹാര തുകയും പുറത്തുവിട്ടു. ദേശീയപാത വികസനത്തിനുള്ള പ്രാഥമിക വിജ്ഞാപനം 2022 ജൂണ്‍ ഒന്നിനാണ് പുറപ്പെടുവിച്ചത്. ആദ്യഘട്ട അന്തിമ വിജ്ഞാപനം 2023 ഫെബ്രുവരി 13 ന് പുറപ്പെടുവിച്ചു. 238 ഹെക്ടര്‍ ഭൂമിയാണ് ജില്ലയില്‍ ആകെ ഏറ്റെടുക്കേണ്ടത്. ആതില്‍ 10.21 ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ ഭൂമിയും 227.79 ഹെക്ടര്‍ ഭൂമി സ്വകാര്യ ഭൂമിയുമാണ്. 3631 സ്വകാര്യ കൈവശങ്ങളില്‍ നിന്നുമാണ് ഇത്രയും ഭൂമി ഏറ്റെടുക്കുന്നത്.1861 കൈവശക്കാരില്‍ നിന്നും നിര്‍മ്മിതികളും 2972 കൈവശക്കാരില്‍ നിന്നും കാര്‍ഷിക വിളകളും 2260 കൈവശക്കാരില്‍ നിന്നും മറ്റു മരങ്ങളും ഏറ്റെടുക്കലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഏറ്റെടുക്കുന്ന നിര്‍മ്മിതികളില്‍ 1111 കെട്ടികള്‍ ഉള്‍പ്പെട്ട് വരുന്നുണ്ട് ആയതില്‍ 1069 വീടുകളും 42 വാണിജ്യകെട്ടിടങ്ങളുമാണുള്ളത്. ആകെ 211615 കാര്‍ഷിക വിളകളും 36631 മറ്റുമരങ്ങളുമാണ് ഏറ്റെടുക്കുന്നത്. നാളിതുവരെ ഏറ്റെടുത്ത 112.6833 ഹെക്ടര്‍ ഭൂമിയില്‍ 497 വീടുകള്‍ക്ക് പൂര്‍ണ്ണമായും 29 വീടുകള്‍ക്ക് ഭാഗികമായും നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്. 322 കുടുംബങ്ങള്‍ക്ക് 9,30,64,000/ രൂപ പുനരധിവാസ തുകയായും അനുവദിച്ച് നല്‍കിയിട്ടുണ്ട്. ഏറ്റെടുത്ത ഭൂമിയിലെ നിര്‍മ്മിതികള്‍ക്ക് 346,33,86,459/ രൂപയും കാര്‍ഷിക വിളകള്‍ക്ക് 26,81,13,400/ രൂപയും മറ്റുമരങ്ങള്‍ക്ക് 4,43,00,789/ രൂപയും ഭൂമിയുടെ നഷ്ടപരിഹാരമായി 618,13,51,857/ രൂപയും വിതരണം ചെയ്തിട്ടുണ്ട്.നഷ്ടപരിഹാരമായി പ്രാഥമിക ഘട്ടത്തില്‍ 1986 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്. അതില്‍ ഭൂമിയുടെ നഷ്ടപരിഹാരമായി 1189.35 കോടി രൂപയും നിര്‍മ്മിതികളുടേത് 707.65 കോടി രൂപയും കാര്‍ഷിക വിളകളുടേത് 53.20 കോടി രൂപയും മറ്റു മരങ്ങളുടേത് 8.80 കോടി രൂപയുമാണ്.