ദേശീയ സിക്‌സസ് ഹോക്കി; ഫൈനല്‍ മത്സരം നാളെ. ചെമ്മന്‍കടവ് ഫൈനലില്‍

Keralam News Sports

മലപ്പുറം: ചെമ്മന്‍ങ്കടവ് പി.എം.എസ്.എ.എം.എ.എച്ച്.എസ്.എസില്‍ നടക്കുന്ന പി.എന്‍. കുഞ്ഞിമമ്മു മാസ്റ്റര്‍ സ്മാരക സിക്സസ് എ സൈഡ് ദേശീയ ഹോക്കി ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം നാളെ വൈകിട്ട് 3.30ന് നടക്കും. രാവിലെ 6.30നു നടക്കുന്ന ആദ്യ സെമിയില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ചെമ്മന്‍കടവ് സീനിയര്‍ ടീം ചെമ്മന്‍കടവ് ജൂനിയര്‍ ടീമുമായി ഏറ്റുമുട്ടും. 7.30നു നടക്കുന്ന രണ്ടാം സെമിയില്‍ മധ്യപ്രദേശ്-കൊല്ലം സായിയെ നേരിടും.


ഇന്നു നടന്ന അവസാന മത്സരത്തില്‍ ചെമ്മന്‍കടവ് സീനിയര്‍ ടീം മധ്യപ്രദേശ് ഇറ്റാര്‍സിയേയും, ചെമ്മന്‍കടവ് ജൂനിയര്‍ ടീം ഭോപ്പാലിനേയും, കൊല്ലം സായി ഉത്തര്‍പ്രദേശിനേയും, മധ്യപ്രദേശ് മലപ്പുറം ബോയ്‌സ് സ്‌കൂള്‍ ടീമിനേയും പരാചയപ്പെടുത്തിയാണ് സെമിഫൈനലില്‍ പ്രവേശിച്ചത്. ഇന്നലെ ആദ്യം നടന്ന മത്സരത്തില്‍ ചെമ്മന്‍കടവ് ജൂനിയര്‍ടീമിനോട് പരാജയപ്പെട്ട് ശ്രീലങ്കന്‍ ടീം ടൂര്‍ണമെന്റില്‍നിന്നും പുറത്തായി.


ഇതിന് പുറമെ ഗ്രാസ്‌റൂട്ട് ഡെവലപ്‌മെന്റ് ലക്ഷ്യമിട്ട് ജില്ലയിലെ യു.പി.സ്‌കൂളുകള്‍ക്കായി നടത്തിയ ഹോക്കി മത്സരത്തിന്റെ ഫൈനല്‍മത്സരവും ഇന്നു രാവിലെ 8.30ന് ഇതെ ഗ്രൗണ്ടില്‍ നടക്കും. ജി.എം.യു.പി സ്‌കൂള്‍ ചെമ്മന്‍കടവും, ജി.യു.പി.എസ് മലപ്പുറവുമായാണ് മത്സരം.


വിജയികള്‍ക്കുള്ള സമ്മാനദാനം പി. ഉബൈദുല്ല എം.എല്‍.എ നിര്‍വഹിക്കും. ഡിസ്ട്രിക്റ്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ രാജീവ് കുമാര്‍ ചൗധരി മുഖ്യാതിഥിയാവും.