ഫസലുദ്ദീന്റെ സമയോചിത ഇടപെടലിലും മനോധൈര്യത്തിലുംധീരതയിലും തമിഴ്‌നാട് സ്വദേശിയായ വിജേഷിന് തിരിച്ചുകിട്ടിയത് സ്വന്തം ജീവന്‍

Keralam News

മലപ്പുറം : ഫസലുദ്ദീന്റെ സമയോചിത ഇടപെടലിലും മനോധൈര്യത്തിലും ധീരതയിലും തമിഴ്‌നാട് സ്വദേശിയായ വിജേഷിന് തിരിച്ചുകിട്ടിയത് സ്വന്തം ജീവന്‍ . കരുവാരക്കുണ്ട് കേരളാകുണ്ട് ടൂറിസ്റ്റ് കേന്ദ്രത്തിലെ വെള്ളച്ചാട്ടം സന്ദര്‍ശിക്കാന്‍ വന്നതായിരുന്നു തമിഴ്നാട്ടിലെ അഞ്ചംഗസംഘം . ഇവരില്‍ വിജേഷിന് നീന്തല്‍ വശമില്ലായിരുന്നു. നാലുപേരും വെള്ളത്തില്‍ ഇറങ്ങി. കൂടെ വിജേഷും. ആഴമില്ലാത്ത കേരളാംകുണ്ടിലെ വെള്ളം ഒഴുകി വീഴുന്ന താഴ്ഭാഗത്തേക്കാണ് ഇവരിറങ്ങിയത്. പിന്നീട് തെന്നിതെന്നി കൂടുതല്‍ ആഴമുള്ള ഭാഗത്തേക്ക് പോയതോടെ വിജേഷ് വെള്ളത്തില്‍ മുങ്ങി. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഒരുവിധം വലിച്ച് കരയ്ക്കടുപ്പിച്ചെങ്കിലും ക്ഷീണിതനായ വിജേഷിനെ കുത്തനെയുള്ള പാറക്കെട്ടുകളുടെ മുകളിലേക്ക് എത്തിക്കാനായില്ല. ഈ സമയം കേരളാംകുണ്ട് വെള്ളചാട്ടം സന്ദര്‍ശിക്കാനായി എത്തിച്ചേര്‍ന്ന ദാറുന്നജാത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍ .എസ് . എസ് വൊളന്റിയേഴ്‌സും അദ്ധ്യാപകരും നിലവിളി ശബ്ദം കേട്ട് ഇങ്ങോട്ടേക്കെത്തി. തുടര്‍ന്നാണ് നജാത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ബസ് ജീവനക്കാരന്‍ കൂടിയായ ഫസലുദ്ദീന്‍ താന്‍ ശ്രമിക്കാമെന്ന് പറഞ്ഞ് സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുള്ള വലിയ കയറിലൂടെ ഫസലുദ്ദീന്‍ തൂങ്ങിയിറങ്ങിയത്. ശേഷം ക്ഷീണിതനായ വിജേഷിനെ സ്വന്തം ചുമലില്‍ കെട്ടി മുറുക്കി . പിന്നീട് പാറക്കെട്ടുകളിലൂടെ കയര്‍ പിടിച്ച് മുകളിലേക്ക് കയറി. തുടര്‍ന്ന് വിജേഷിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പ്രഥമ ശുശ്രൂഷ നല്‍കി . ശേഷം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .ഫസലുദ്ദീന്റെ സന്ദര്‍ഭോചിതമായ ഇടപെടലിലും മനോധൈര്യത്തിലും കൂടെയുള്ളവരും നാട്ടുകാരും അഭിനന്ദിച്ചു. കിണര്‍ കുഴിച്ചാണ് കയറില്‍ തൂങ്ങി കയറാനുള്ള പരിശീലനം ലഭിച്ചതെന്ന് ഫസലുദീന്‍ പറഞ്ഞു. ഫസലുദ്ദീന്റെ വീട്ടിലെ കിണര്‍ സ്വന്തമായി കുഴിച്ചതാണെന്നും കയറില്‍ ആടിയാടിയാണ് മുകളിലേക്ക് കയറുന്നതെന്നും ഫസലുദീന്‍ പറഞ്ഞു. എന്നാല്‍ ഇത്തരം ചെങ്കുത്തായ പാറകളിലൂടെ കയറില്‍ പിടിച്ച് കയറുന്നത് ആദ്യമായിട്ടാണ്. ഒരാള്‍ ജീവനുവേണ്ടി പിടയുന്നത് കണ്ടപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ലെന്നും കൂടെയുള്ളവരില്‍ വിശ്വാസമര്‍പ്പിച്ച് മനോധൈര്യത്താല്‍ ചെയ്യുകയായിരുന്നെന്നും ഫസലുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട് സ്വദേശിയുടെ ജീവന്‍ രക്ഷിക്കാനായതില്‍ നാട്ടുകാരും സെക്യൂരിറ്റി ജീവനക്കാരും സന്തോഷത്തിലാണ്. കഴിഞ്ഞ വര്‍ഷം പൊന്നാനി സ്വദേശിയായ യുവാവ് കേരളാംകുണ്ട് വെളളച്ചാട്ടത്തില്‍ വീണ് മരണപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കാളികാവ് പുറ്റമണ്ണയിലെ പുളിക്കല്‍ ചേക്കുവിന്റെയും ആയിഷയുടെയും മകനാണ് ഫസലുദീന്‍ .