ഒമ്പതു മാസം കൊണ്ട് വീട് പണി പൂർത്തിയാക്കാമെന്ന് സുഹൃത്തായ കോൺട്രാക്റ്ററുടെ വാക്ക്; മുഴുവൻ പൈസയും കൊടുത്ത് പുതിയ വീട്ടിൽ താമസിക്കാനെത്തിയ മലയാളി സൈനികനും കുടുംബവും കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച

Keralam News

കോട്ടയത്ത് താമസിക്കുന്ന മഹേഷ് എന്ന സൈനികനാണ് , വീട് പണി തന്റെ സുഹൃത്തിനെ ഏൽപ്പിച്ചപ്പോഴുണ്ടായ ദുരനുഭവം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. 9 മാസം കൊണ്ട് തീർത്തു തരാമെന്ന വ്യവസ്ഥയിൽ മുപ്പത് ലക്ഷം പലപ്പോഴായി വാങ്ങിയ സുഹൃത്ത് വീട് പണി തീർക്കാതെ തന്നെ കുടുക്കിലാക്കിയത് മഹേഷ് വേദനയോടെയാണ് പങ്കുവെച്ചിരിക്കുന്നത്. ആരെങ്കിലും പുതുതായി വീട് പണി തുടങ്ങാനിരിക്കുന്നുണ്ടെങ്കിൽ അവർക്കൊരു മുന്നറിയിപ്പ് നൽകാനാണ് ഇക്കാര്യങ്ങൾ തുറന്നു പറയുന്നതെന്ന് മഹേഷ് വ്യക്തമാക്കുന്നു.
പോസ്റ്റിന് കീഴിൽ സമാനാവസ്ഥ പലരും പങ്കുവെച്ചിട്ടുണ്ട്.  കോൺട്രാക്റ്ററുടെ പേരും വിശദാംശങ്ങളും വെളിപ്പെടുത്താൻ ഒരുപാട് പേര് ആവശ്യപ്പെട്ടെങ്കിലും പോലീസ് കേസ് നടക്കുന്നത് കൊണ്ട് തൽക്കാലം ഇത്രമാത്രമേ പുറത്തു വിടാനാവൂ എന്നാണ് മഹേഷ് പറയുന്നത്

കോട്ടയം ജില്ലയിലെ പൊന്കുന്നത്ത് വാങ്ങിയ 10 സെന്റ് പ്ലോട്ടിലാണ് മഹേഷ് വീടുവെക്കാൻ തീരുമാനിച്ചത്.  
തന്റെ പഞ്ചായത്തിന്റെ അപ്രൂവൽ പ്ലാനായ 1437 സ്‌ക്വയർ ഫീറ്റ്  സുഹൃത്തിനെ ഏൽപ്പിക്കുകയും ചില മാറ്റങ്ങൾ വരുത്തുന്നത് കാരണം 1460  സ്‌ക്വയർ  ഫിറ്റായി ഉറപ്പിച്ച് എഗ്രിമെന്റ് വെക്കുകയും ചെയ്തു. ഒരു സ്‌ക്വയർ ഫീറ്റിന് രണ്ടായിരം രൂപ വെച്ച് ആകെ 29 ,20 ,000 ത്തിന് കരാർ ഉറപ്പിക്കുകയും ചെയ്തു. പിന്നീട് ഒരു ലക്ഷം രൂപയുടെ കല്ല് മഹേഷ് തന്നെ ഇറക്കിക്കൊടുത്തതിനാൽ  എഗ്രിമെന്റിൽ  നിന്ന് ആ തുക കുറച്ച് കോൺട്രാക്ട് ഉറപ്പിച്ചു. ഒമ്പത് മാസം കൊണ്ട് വീട് പണി മുഴുവനാക്കാം എന്നായിരുന്നു കരാർ.

രണ്ടാം നില പണി തുടങ്ങിയപ്പോൾ കോൺട്രാക്റ്ററുടെ ഭാര്യ ആദ്യത്തെ പ്ലാനിൽ ഒത്തിരി മാറ്റം വരുത്തി. അത് മഹേഷിനും കുടുംബത്തിനും ഇഷ്ടമായത് കൊണ്ട് ആ നിലയ്ക്ക് തന്നെ പണി തുടർന്നു. ഒന്നര ലക്ഷം രൂപ അതിനും വകയിരുത്തി. ഈ സമയത്താണ് ഭാര്യയും കുഞ്ഞും മഹേഷിന്റെ അടുത്തേക്ക് പോവുന്നത്. സുഹൃത്തിനെ ഏൽപ്പിച്ച വർക്ക് ആയതു കൊണ്ട് തന്നെ നല്ല വിശ്വാസമായിരുന്നു മഹേഷിന്. പക്ഷെ ആ വിശ്വാസം  സുഹൃത്ത് മുതലെടുക്കുകയായിരുന്നു.

ഘട്ടം ഘട്ടമായി മുഴുവൻ തുകയും അയാളെ  ഏൽപ്പിച്ചിരുന്നു. കഴിഞ്ഞ മെയ് മാസത്തിൽ വീട്ടിൽ താമസിക്കാൻ വേണ്ടി മഹേഷ് നാട്ടിലെത്തി. അപ്പോൾ വീട് പണി പൂർത്തിയായിട്ടുണ്ടായിരുന്നില്ല. കാരണം ചോദിച്ചപ്പോൾ ആ പൈസ വേറെ സൈറ്റിൽ മറിച്ചെന്നും പെട്ടെന്ന് തന്നെ ചെയ്ത് തരാമെന്നും പറഞ്ഞു. പിന്നെയും രണ്ടു മാസം കഴിഞ്ഞു പോയി. ലോക്ക് ഡൌൺ ആയതുകൊണ്ട് ഓഫിസുകൾ അവധിയായതിനാൽ എഗ്രിമെന്റ് എഴുതാനും പറ്റിയില്ല. സുഹൃത്ത് സ്വന്തം കൈപ്പടയിൽ എല്ലാ പണികളും തീർത്തുതരാം എന്ന് എഴുതിത്തന്നു. ഒരു മാസം സമയവും ചോദിച്ചു. പക്ഷെ പണികൾ അങ്ങനെത്തന്നെ തീരാതെ കിടന്നു.  ഗത്യന്തരമില്ലാതെ പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തു. പണികൾ തീർക്കാമെന്ന് മൂന്നു തവണ എഴുതിത്തന്നു. അപ്പോഴും പണികൾ മാറ്റമില്ലാതെ കിടന്നു. മഹേഷ് പ്രശ്നമുണ്ടാക്കി.

അപ്പോഴാണ് സുഹൃത്ത് മറ്റൊരു അടവ് പുറത്തെടുത്തത്. വീട് 1850 സ്‌ക്വയർ ഫീറ്റ് ഉണ്ടെന്നും അധികമായി ഏഴ് ലക്ഷത്തോളം രൂപ ഇനിയും മഹേഷ് നല്കാനുമുണ്ടെന്ന് പറഞ്ഞുള്ള വക്കീൽ നോട്ടീസ് അയപ്പിച്ചു. സുഹൃത്തിന്റെ വീട്ടിൽ ചെന്നപ്പോൾ കയ്യിൽ പൈസയില്ലാത്തത് കൊണ്ട് ഗത്യന്തരമില്ലാതെ ചെയ്തതാണെന്നും കുറച്ച് സമയമെടുത്ത് എല്ലാം ഓക്കേ ആക്കിത്തരാമെന്നും അതുവരെ തെളിവായി ബ്ലാങ്ക് ചെക്ക് തരാമെന്നും പറഞ്ഞു. അത് പോരെന്നും ഈടായി എന്തെങ്കിലും പ്രോപ്പർട്ടി തന്നെ വെക്കണമെന്ന് മഹേഷും വാശി പിടിച്ചു. സുഹൃത്ത് അയാളുടെ കാറും അതിന്റെ ആർ,സിയും ഏൽപ്പിച്ചു. രണ്ടു മാസത്തിനുള്ളിൽ തീർത്തു തരാമെന്ന് എഗ്രിമെന്റും ചെയ്തു.

മഹേഷ് ലീവ് കഴിഞ്ഞ് തിരിച്ചുപോയി. അപ്പോഴാണ് തന്റെ കാർ മഹേഷും അവന്റെ അച്ഛനും അനിയനും കൂടെ ബലം പ്രയോഗിച്ചു കൊണ്ടുപോയെന്ന് പറഞ്ഞ് അവൻ മറ്റൊരു പരാതിയുമായി വന്നത്. വീട് 1850 സ്‌ക്വയർ ഫീറ്റ് ഉണ്ടെന്നും ആ പരാതിയിൽ ഉണ്ടായിരുന്നു. പക്ഷെ മറ്റൊരു എൻജിനീയറെ വെച്ച് അളന്നപ്പോൾ 1663 മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതുവരെ പലപ്പോഴായി മുപ്പത് ലക്ഷം വാങ്ങിച്ചു. പക്ഷെ ഇനിയും തീരാനുള്ള പണികൾ നിരവധിയാണ്. കബോർഡ്, ട്രസ് വർക്ക്‌, കുറച്ചു ആശാരി പണി, ടൈൽ വർക്ക്‌ 20%, പെയിന്റ് 60 % വെളിയിലെ ബാത്‌റൂം,  ലിവിങ് & ഡെയിനിങ് ജിപ്സം വർക്ക്‌. പർഗോള ഗ്ലാസ്‌ ഇടുക തുടങ്ങിയ പണികളെല്ലാം പെന്റിങ് ആണ്. പരാതികൾ അതിന്റെ വഴിക്കും പണികൾ അതിന്റെ വഴിക്കും നീങ്ങുന്നു. ഈ നടന്ന എല്ലാത്തിന്റെയും തെളിവ് തന്റെ പക്കലുണ്ടെന്ന് മഹേഷ് പറയുന്നു.

വീട് പണി എടുപ്പിക്കാൻ നിൽക്കുന്നവരോട് മഹേഷിന് പറയാനുള്ളത് ഇത്ര മാത്രമാണ്. ഒരിക്കലും സ്വന്തം സുഹൃത്തിനെ ഏൽപ്പിക്കരുത്. കഴിവതും കോൺടാക്ട് കൊടുക്കാതിരിക്കുക. അഥവാ കൊടുത്താൽ തന്നെ ഫുൾ ഫിനിഷ് വർക്ക് കൊടുക്കാതിരിക്കുക. മാറ്റം വരുത്തുന്ന എല്ലാം എഗ്രിമെന്റ് അതാതുസമയം മറക്കാതെ രേഖപ്പെടുത്തുക. കോൺട്രാക്ടറും ആയി സംസാരിക്കുന്ന ഓരോ കോളും വോയിസും നിർബന്ധമായും റെക്കോർഡ് ചെയ്യുക. വീടിന്റെ പണികളെ പറ്റിയുള്ള മാറ്റങ്ങൾ റെക്കോർഡ് ചെയ്തു തന്നെ വയ്ക്കുക. തന്റെ അനുഭവത്തിൽ നിന്ന് മനസ്സിലാക്കിയത് ആരെയും വിശ്വസിക്കരുത് എന്നാണെന്ന് മഹേഷ്
പറഞ്ഞുവെക്കുന്നത്. ജീവിതത്തിൽ സമ്പാദിച്ചതിന്റെ ഏറിയ പങ്കും വീട് പണിക്ക് ചിലവഴിക്കുന്ന മലയാളികൾ ഇത്തരം ചതിക്കുഴികൾ ശ്രദ്ധിച്ചില്ലെങ്കിൽ പെട്ടുപോവുക തന്നെ ചെയ്യും