‘പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം’; ബിജെപിക്കെതിരെ കെ സുധാകരൻ

Keralam News Politics

ജില്ലാ അധ്യക്ഷന്മാരെ നിയമിക്കുന്നത് സംബന്ധിച്ച കോൺഗ്രസ് നേരിടുന്ന പൊട്ടിത്തെറിയെ ഉപയോഗപ്പെടുത്താനുള്ള ബി ജെ പിയുടെ ശ്രമങ്ങൾക്കെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ. ബി ജെ പിയുടെ വ്യാമോഹം സ്വപ്നം മാത്രമാണെന്നും പൊന്നുരുക്കിന്നിടത്ത് പൂച്ചക്കെന്ത് കാര്യമെന്നും സുധാകരൻ ചോദിച്ചു. കോൺഗ്രസുകാരെ സ്വാഗതം ചെയ്യുന്ന ബി ജെ പി നേതാക്കളുടെ പ്രസ്താവനകളെ കുറിച്ചുള്ള ചോദ്യത്തിന് രൂക്ഷമായ ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോണ്‍ഗ്രസിലെ പൊട്ടിത്തെറി ബിജെപിക്ക് ഗുണം ചെയ്യുമെന്ന് ബിജെപി നേതാവ് എം ടി രമേശ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കോൺഗ്രസ്സ് വിടുന്നവർ സി പി എമ്മിലേക്ക് പോകില്ലെന്നും ഇതര സംസ്ഥാനങ്ങളിലെ പോലെ അവർക്ക് ബി ജെ പിയിലേക്ക് വരാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോണ്‍ഗ്രസില്‍ അസംതൃപ്തരായ നേതാക്കളേയും അണികളേയും സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസും വെളിപ്പെടുത്തിയിരുന്നു. കോൺഗ്രസ്സുകാർക്കായി വാതിലുകൾ തുറന്നിട്ടിരിക്കുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

എന്നാൽ അവസരം മുതലെടുക്കാനുള്ള ബി ജെ പി നേതൃത്വത്തിന്റെ ശ്രമങ്ങൾ വിലപ്പോവില്ലെന്ന് കെ സുധാകരൻ പ്രതികരിച്ചു. മറ്റു സംസ്ഥാനങ്ങളിൽ ഇത് സംഭവിച്ചിട്ടുണ്ടാകും. എന്നാൽ നെഹ്‌റുവിനെ കുറ്റം പറയുന്നവരുടെ കൂട്ടത്തിൽ ചേരാൻ കേരളത്തിലെ കോൺഗ്രസുകാരെ കിട്ടില്ലെന്നും കെ പി സി സി പ്രസിഡണ്ട് പറഞ്ഞു.