വിമർശനവുമായി ആർ എസ് പിയും. മുന്നണി വിടാനുള്ള സമയം അല്ലെന്ന് ഷിബു ബേബി ജോൺ

Keralam News Politics

ആർ എസ് പിയെ കോൺഗ്രസ്സ് വേണ്ട വിധത്തിൽ പരിഗണിക്കുന്നില്ലെന്ന അണികളുടെ പരാതിക്കു പിന്നാലെ രൂക്ഷ വിമർശനവുമായി ഷിബു ബേബി ജോൺ. യു ഡി എഫിൽ തുടരുന്നതില്‍ പാ‌ര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ എതിർപ്പുകൾ ഉയരുന്നതിനിടയിലാണ് ഷിബു ബേബി ജോണിന്റെ പരാമർശം.

കോൺഗ്രസ്സ് സ്വയം മുക്കുകയാണെന്നാണ് ഷിബു ബേബി ജോൺ പറഞ്ഞത്. മുന്നണിയിൽ ഇനിയും തുടരേണ്ടതില്ല എന്നാണു ഭൂരിഭാഗം പേരുടെയും അഭിപ്രായമെങ്കിലും മുന്നണി വിടാനുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത് എന്നാണ് ഷിബു ബേബി ജോണിന്റെ ണ് നിലപാട്. ഈ പരാമർശത്തെ ഡി സി സി പുനസ്സംഘടന തീരുമാനവുമായി കൂട്ടിക്കലർത്തരുത് എന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പിനു ശേഷം യു ഡി എഫ് മുന്നണിയില്‍ പാർട്ടിക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യണം എന്ന നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കാത്തതിൽ പാർട്ടിക്ക് പ്രതിഷേധമുണ്ട് എന്നും യു ഡി എഫ് യോഗങ്ങളില്‍ തങ്ങൾ പലപ്പോഴും കാഴ്ചക്കാർ മാത്രമാകുന്നുവെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ആര്‍ എസ് പി സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം വിശദമായ കാര്യങ്ങൾ അറിയിക്കാമെന്നും അദ്ദേഹം അറിയിച്ചു.