പ്രതിരോധ ശേഷി പഠിക്കാൻ സിറൊ സർവലയൻസ് പഠനത്തിന് ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി

Keralam News

കേരളത്തിൽ വീണ്ടും സിറോ സർവാലയൻസ് പഠനം നടത്താൻ ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്ജ് പറഞ്ഞു. കോവിഡ് 19 ബാധിച്ചും വാക്സിനേഷൻ വഴിയും എത്ര പേര് രോഗ പ്രതിരോധ ശേഷി കൈവരിച്ചു എന്ന് കണ്ടെത്താനാണ് പഠനം നടത്തുന്നത്. ഇതിലൂടെ ഇനി എത്ര പേർക്ക് കൂടി രോഗം വരാൻ സാധ്യതയുണ്ട് എന്നുകൂടി അനുമാനിക്കാൻ കഴിയും. സീറോ സർവാലയൻസ് പഠനം വഴി കോവിഡ് പ്രതിരോധം കൂടുതൽ ശക്തമാക്കാനും മുൻകരുതലുകൾ കൂടുതൽ നിയന്ത്രണത്തോടെ കൈക്കൊള്ളാനുംസാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്താകമാനം ഇതിനു മുമ്പ് ഐ സി എം ആർ പഠനം നടത്തിയപ്പോഴെല്ലാം കേരളമായിരുന്നു മുന്നിൽ നിന്നിരുന്നത്. അവസാനമായി സീറോ സർവാലയൻസ് പഠനം നടത്തിയപ്പോൾ കേരളത്തിലെ നാല്പത് ശതമാനത്തിൽ അധികം പേരും പ്രതിരോധ ശേഷി കൈവരിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ രാജ്യത്ത് പ്രതിദിന രോഗികളുടെ കണക്കിൽ ഏറ്റവും മുന്നിൽ എത്തിയതോടെ വീണ്ടും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പഠനം നടത്താൻ തീരുമാനിക്കുകയായിരുന്നു.

കോവിഡ് ബാധിച്ച് ഭേദമായവരുടെ വിവരങ്ങൾ ശേഖരിക്കുകയും തെരഞ്ഞെടുക്കപ്പെടുന്നവരുടെ രക്തത്തിലുള്ള ആന്റിബോഡിയുടെ അളവ് പരിശോധിക്കുകയുമാണ് ആദ്യ ഘട്ടത്തിൽ ചെയ്യുക. പ്രായമാനുസരിച്ചും വിവിധ ജന വിഭാഗങ്ങളുടെയും സീറോ പോസിറ്റിവിറ്റി കൂടി കണക്കാക്കാൻ സീറോ സർവലയൻസ് സർവേയിലൂടെ സാധിക്കും. കേരളത്തിലെ വാക്സിനേഷൻ തോത് വർധിച്ചതോടെ ഈ പഠനത്തിന് പ്രാധാന്യം ഏറിയിട്ടുണ്ട്.