കേരളത്തിലെ കോവിഡ് പരിശോധന രീതികളിൽ മാറ്റം വരുന്നു

Health Keralam News

കേരളത്തിൽ വാക്സിനെടുക്കുവാൻ യോഗ്യതയുള്ള ജനസംഖ്യയുടെ എഴുപത്തിയൊന്ന് ശതമാനത്തിലധികം ആളുകളും ആദ്യത്തെ ഡോസ് വാക്സിൻ എടുത്ത സാഹചര്യത്തിൽ നിലവിലെ കോവിഡ് പരിശോധനാ രീതി മാറ്റിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. ഇതോടൊപ്പം ഓരോ ജില്ലയിലെയും വാക്സിനേഷന്റെ ശതമാനം അനുസരിച്ചുള്ള ഗൈഡ് ലൈനും പുറത്തിറക്കിയിട്ടുണ്ട്.

രോഗവ്യാപനത്തിന്റെ വ്യാപ്തി കൃത്യമായി മനസിലാക്കുവാനായി കൂടുതൽ ആളുകളെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. സെന്റിനല്‍, റാൻഡം തുടങ്ങിയ രണ്ട് സാമ്പിളുകളെയും അടിസ്ഥാനമാക്കിയുള്ള പരിശോധനകൾ നടത്തിയ ശേഷം ഓരോ ജില്ലകളിലെയും അവസ്ഥ കണക്കാക്കും. റാൻഡം സാമ്പിളുകൾ ശേഖരിച്ച് രോഗ ബാധിതരുള്ള പുതിയ ക്ലസ്റ്ററുകളും പ്രദേശങ്ങളും കണ്ടെത്തി വിലയിരുത്താൻ ഓരോ ജില്ലയ്ക്കും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

ആദ്യത്തെ ഡോസ് വാക്സിൻ എടുത്തവരുടെ ശതമാനം എൺപത്തിനു മുകളിലുള്ള ജില്ലകളിൽ ചുമയോ തൊണ്ടവേദനയോ വയറിളക്കമോ ഉള്ള ആളുകളെ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാക്കും. സെന്റിനൽ സർവയലൻസുമായി ബന്ധപ്പെട്ട് ഈ പ്രദേശങ്ങളിൽ ആന്റിജൻ പരിശോധനയും നടത്താം. കൂടുതൽ ആളുകളിലേക്ക് സമ്പർക്ക സാധ്യതയുള്ള ഷോപ്പുകൾ, മാളുകൾ, സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാവും ഈ പരിശോധന നടത്തുക.

ജില്ലകളിലെ കോവിഡ് വ്യാപനം കണക്കാക്കാൻ എടുക്കുന്ന റാൻഡം സാമ്പിളുകൾക്കും ആന്റിജൻ പരിശോധന നടത്തിയാൽ മതിയെന്നാണ് തീരുമാനം. ആദ്യത്തെ ഡോസ് വാക്സിൻ എൺപതു ശതമാനത്തിനും മുകളിൽ എടുത്ത തദ്ദേശ പ്രദേശങ്ങളിലും ഇതേ മാർഗനിർദേശമാണ് നൽകിയിരിക്കുന്നത്. അല്ലാത്ത മറ്റു പ്രദേശങ്ങളിലെല്ലാം പഴയ രീതി തന്നെയാവും.

രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിച്ച് രണ്ടാഴ്ച കാലാവധി കഴിഞ്ഞ രോഗലക്ഷണം ഇല്ലാത്തവരെയും രണ്ടു മാസത്തിനുള്ളിൽ രോഗം പിടിപെട്ടവരെയും റാൻഡം പരിശോധനയ്ക്ക് വിധേയരാക്കില്ല. പരിശോധയ്ക്കായി എടുക്കുന്ന സാമ്പിളുകൾ എത്രയും വേഗം പരിശോധിച്ച് ഫലം രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത പരിശോധന ലാബുകൾക്ക് എതിരെ കർശന നടപടികൾ എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.