കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപെട്ട കുട്ടികൾക്ക് ധനസഹായത്തിനായി 3,19,99,000 രൂപ അനുവദിച്ചു

Keralam News

തിരുവനന്തപുരം: കോവിഡ് പിടിപെട്ട് മാതാപിതാക്കളെയോ രക്ഷിതാക്കളെയോ നഷ്ടപെട്ട കുട്ടികൾക്ക് ധനസഹായം നൽകുന്നതിനായി 3,19,99,000 രൂപ കേരള സർക്കാർ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കുട്ടിക്ക് പ്രായപൂർത്തിയാകുന്നത് വരെ എല്ലാ മാസവും 2000 രൂപയും മൂന്നു ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവുമാണ് സർക്കാർ ധനസഹായമായി നൽകുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക ഉപയോഗിച്ച് ഈ കുട്ടികൾക്ക് ബിരുദം വരെ പഠിക്കുന്നതിനുള്ള ചെലവുകളും സർക്കാർ നൽകും. സെപ്റ്റംബർ ആദ്യത്തെ ആഴ്ച തന്നെ ഈ തുക കുട്ടികളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. ഇതുവരെ 87 കുട്ടികളെയാണ് സർക്കാരിന്റെ ധനസഹായത്തിന് അർഹരായി കണ്ടെത്തിയിരിക്കുന്നത്. ധനസഹായം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു കൊണ്ട് ഉത്തരവിറക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.