രാജ്യത്തെ ഏറ്റവും കൂടുതൽ വൃദ്ധർ കേരളത്തിൽ

Keralam News

ന്യൂഡെല്‍ഹി: രാജ്യത്തെ ജനസംഖ്യയിൽ ഏറ്റവും കൂടുതൽ വൃദ്ധരുള്ള സംസ്ഥാനമായി കേരളം. ഈ വർഷത്തെ കണക്കനുസരിച്ച് കേരളത്തിലെ ആകെ ജനസംഖ്യയുടെ 16.5 ശതമാനവും വൃദ്ധരാണ്. ഇന്ത്യയിലെയും സംസ്ഥാനങ്ങളിലെയും ജനസംഖ്യാ പ്രവചനങ്ങളെക്കുറിച്ച്‌ പഠിക്കുന്ന സാങ്കേതിക സംഘം നടത്തിയ സർവേയുടെ റിപ്പോർട്ടിലുള്ളതാണ് വിവരങ്ങൾ.

13.6 ശതമാനം വൃദ്ധരുള്ള തമിഴ്നാടാണ് കേരളത്തിന് തൊട്ടു പുറകിൽ. ഹിമാചല്‍ പ്രദേശ് (13.1%), പഞ്ചാബ് (12.6%), ആന്ധ്ര (12.4%) എന്നീ സംസ്ഥാനങ്ങളാണ് വൃദ്ധജനങ്ങൾ കൂടുതലുള്ള മറ്റു സംസ്ഥാനങ്ങൾ. ഏറ്റവും കുറവ് വൃദ്ധരുള്ള സംസ്ഥാനം ബീഹാറാണ്. ആകെ ജനസംഖ്യയുടെ 7.7 ശതമാനം മാത്രമാണ് അവിടെ വൃദ്ധജനങ്ങൾ. ഉത്തര്‍പ്രദേശും (8.1%), ആസാമുമാണ് (8.2%) വൃദ്ധർ കുറവുള്ള മറ്റു സംസ്ഥാനങ്ങൾ.

ഇപ്പോഴത്തെ സർവേ കണക്കു പ്രകാരം 2031 ല്‍ കേരളത്തിലെ ജനസംഖ്യയുടെ 20.9 ശതമാനം വൃദ്ധരായിരിക്കും. തമിഴ്നാട് 18.2%, ഹിമാചല്‍ പ്രദേശ് 17.1%, ആന്ധ്രാപ്രദേശ് 16.4%, പഞ്ചാബ് 16.2% എന്ന രീതിയിലായിരിക്കും മറ്റു സംസ്ഥാനത്തെ വൃദ്ധരുടെ എണ്ണം.

ഇത്തരത്തിലുള്ള പഠനങ്ങൾ 1961 മുതല്‍ 1981 വരെയുള്ള കാലയളവിൽ നടത്തിയിരുന്നു. മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ, സാമ്പത്തിക സ്ഥിതി, മെഡിക്കല്‍ സൗകര്യങ്ങള്‍ തുടങ്ങിയവയാണ് വൃദ്ധരുടെ ആയുര്‍ ദൈര്‍ഘ്യം വര്ധിക്കുന്നതിനുള്ള കാരണങ്ങളായി കാണിക്കുന്നത്.