ഡിസിസി അധ്യക്ഷന്മായുടെ പ്രഖ്യാപനം; പരസ്യമായി പ്രതിഷേധം അറിയിച്ച് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും

Keralam News Politics

തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസില്‍ വലിയ പ്രതിഷേധം ഉയരുന്നു. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പട്ടികയിൽ പരസ്യമായി പ്രതിഷധം അറിയിച്ചു. അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതിൽ ഇനിയും ചർച്ചകൾ നടത്തണമായിരുന്നുവെന്ന് രണ്ടു നേതാക്കളും പറഞ്ഞു. കാര്യക്ഷമമായ ചർച്ചകൾ നടത്തിയിട്ടില്ലെന്നും തന്റെ പേര് ആവശ്യമില്ലാതെ വലിച്ചിഴയ്ക്കുകയായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയ്ക്കെതിരായി പരസ്യമായ വിയോജിപ്പ് അറിയിച്ച നേതാക്കളെ സസ്പെന്‍റ് ചെയ്ത സംഭവത്തിലും അദ്ദേഹം അസംതൃപ്തി അറിയിച്ചു. ഇത്തരമൊരു നടപടി എടുക്കുന്നതിനു മുൻപ് വിശദീകരണം ആവശ്യപ്പെടണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യമായി പ്രതിഷേധം അറിയിച്ചതോടെ വി ഡി സതീശനും, കെ സി വേണുഗോപാലിനും, കെ സുധാകരനുമെതിരെ പുതിയ മുന്നണി തീർത്തിരിക്കുകയാണ്. പുതിയയ പട്ടികയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായരെയും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനെയും അച്ചടക്ക ലംഘനം കാണിച്ചെന്ന പേരിൽ ഇന്നലെ താത്കാലികമായി പാർട്ടിയിൽ നിന്നും സസ്‌പെന്‍റ് ചെയ്തിരുന്നു. ഇതിനു ശേഷമാണ് കോൺഗ്രസ്സിലെ മുതിർന്ന നേതാക്കൾ പട്ടികയ്‌ക്കെതിരെ പ്രതിഷേധം അറിയിച്ചത്.

പുതിയ ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയിലെ മുഴുവൻ ആളുകളും ​​ഗ്രൂപ്പുകാരാണ്. അതിനാൽ ഇത് വീണ്ടും പരിശോധിച്ചില്ലെങ്കിൽ സംസ്ഥാനത്തെ കോൺ​ഗ്രസിൻ‌റെ ഭാവി നശിച്ചുപോകുമെന്നായിരുന്നു അനിൽകുമാർ പട്ടികയ്‌ക്കെതിരെ പ്രതികരിച്ചത്. കെ ശിവദാസന്‍ നായർ ഈ പ്രതികരണത്തെ പിന്തുണയ്ക്കുകയും മുന്നണി നേതാക്കൾക്ക് ഇഷ്ടമുള്ളവരെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുകയെന്ന ഫോർമുല വെച്ചുകൊണ്ട് സംസ്ഥാനത്ത് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനാവില്ലെന്ന് അഭിപ്രായ പ്രകടനം നടത്തുകയും ചെയ്തു. ഇതുനു ശേഷമാണ് രണ്ടു പേരെയും സസ്‌പെൻഡ് ചെയ്തത്.