കോവിഡ് പ്രതിരോധത്തിന് പുതിയ നിർദേശങ്ങളുമായി മുഖ്യമന്ത്രി

Keralam News

കേരളത്തിലെ കൊവിഡ് സാഹചര്യങ്ങൾ നിയന്ത്രണത്തിലാക്കാൻ കർശന നിർദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്സിൻ വിതരണം കുറവുള്ള ജില്ലകളിൽ കോവിഡ് പരിശോധന വർധിപ്പിക്കാനും എഴുപത് ശതമാനത്തിലുമധികം ആദ്യഘട്ട വാക്സിൻ നൽകിയ ജില്ലകളിൽ രണ്ടാഴ്ചക്കുള്ളിൽ വാക്സിൻ വിതരണം പൂർത്തീകരിക്കാനും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് വൈകുന്നേരം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടത്തിയ അവലോകനയോഗത്തിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട് എന്നീ ജില്ലകളിൽ വാക്സിൻ വിതരണം കൂടുതലായതിനാൽ അവിടത്തെ രോഗലക്ഷണമുള്ള ആളുകളിൽ മാത്രമേ കോവിഡ് പരിശോധന നടത്തൂ. മറ്റു പത്ത് ജില്ലകളിലും കൂടുതൽ പരിശോധന വരുംദിവസങ്ങളിൽ നടത്തും. കേരളത്തിന്റെ അടുത്ത് ഇപ്പോൾ പതിനാറ് ലക്ഷം സിറിഞ്ചുകളുണ്ട്. ഇനിയും കൂടുതൽ സമാഹരിക്കാനുള്ള നടപടികൾ സ്വീകരിക്കും. കെ.എം എസ്. സി. എല്‍ നേരിട്ട് വാക്സിൻ ഉണ്ടാക്കുന്ന കമ്പിനികളിൽ നിന്നും പത്ത് ലക്ഷം ഡോസ് വാക്സിനുകൾ വാങ്ങിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളോ സ്ഥാപനങ്ങളോ മുഖേന ഇത് വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തും.

ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷൻ കാസര്‍ഗോഡ്, ഇടുക്കി, പാലക്കാട് തുടങ്ങിയ ജില്ലകളിൽ അഞ്ചു ശതമാനത്തിലും അധികമായതിനാൽ ഇവിടെ ജനിതക പഠനം നടത്തുവാൻ ആരോഗ്യവകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഓരോ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലും നൽകിയ വാക്സിനുകളുടെ എണ്ണം റിപ്പോർട്ടായി നല്കാൻ തദ്ദേശസ്വയംഭരണ വകുപ്പിനും മുഖ്യമന്ത്രി നിർദേശം കൊടുത്തിട്ടുണ്ട്.