കൃത്രിമ ബീജസങ്കലനത്തിലൂടെ ഉണ്ടായ കുഞ്ഞുങ്ങളുടെ ജനന-മരണ രജിസ്ട്രേഷനിൽ പിതാവിന്റെ പേരെന്ന കോളം വേണ്ട- ഹൈക്കോടതി

Keralam News

കൊച്ചി: കൃത്രിമ ബീജസങ്കലനം വഴി വിവാഹം കഴിക്കാത്തതോ വിവാഹമോചനം നേടിയതോ ആയ സ്ത്രീകള്‍ക്കുണ്ടാവുന്ന കുട്ടികളുടെ ജനന – മരണ രജിസ്ട്രേഷനിൽ പിതാവിന്റെ പേര് എഴുതുന്ന കോളമില്ലാത്ത അപേക്ഷാ ഫോമുകളും സര്‍ട്ടിഫിക്കറ്റുകളും കൊണ്ടുവരണമെന്ന് ഹൈക്കോടതി. വിവാഹമോചനം നേടിയ ശേഷം ഈ രീതിയിൽ ഗർഭിണിയായ കൊല്ലം സ്വദേശിനി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഈ ഉത്തരവ് പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനും പഞ്ചായത്ത് ഡയറക്ടറേറ്റിലെ ജനന മരണ വിഭാഗത്തിലെ ചീഫ് രജിസ്ട്രാര്‍ക്കും ജസ്റ്റിസ് സതീഷ് നൈനാൻ അധ്യക്ഷനായ ബെഞ്ച് നിർദേശം കൊടുത്തു.

നിയമപ്രകാരം കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് നിർബന്ധമായും എഴുതണം. എന്നാൽ കൃത്രിമ ബീജ സങ്കലനം വഴി കുഞ്ഞുണ്ടാവുമ്പോൾ പിതാവിന്റെ പേരിന്റെ കോളം ഒഴിച്ചിട്ട് അപേക്ഷയും സര്‍ട്ടിഫിക്കറ്റും കൊടുക്കുന്നത് കുഞ്ഞിന്റെയും അമ്മയുടെയും അന്തസ്സിന് മോശമാണെന്ന് ഹൈക്കോടതി പറഞ്ഞു. അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി ഉപയോഗിച്ച് ഒരു സ്ത്രീക്ക് അമ്മയാകാൻ നിയമപ്രകാരം അവകാശമുള്ളതിനാൽ കുഞ്ഞിന്റെ ജനന – മരണ രജിസ്ട്രേഷന്‍ ഫോമുകളില്‍ പിതാവിന്റെ പേരു നിർബന്ധമായും നൽകണം എന്ന് പറയുന്നത് മൗലികമായ അവകാശത്തിനു വിരുദ്ധമാണെന്നും അതിനാൽ ഈ കേസുകളിൽ ഈ കോളം ഒഴിവാക്കിയുള്ള പ്രത്യക ഫോർമുകൾ തയ്യാറാക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും കോടതി വിശദീകരിച്ചു.

ഈ പ്രത്യേക ഫോർമുകൾ മറ്റുള്ള അനർഹരായവർ ഉപയോഗപ്പെടുത്താതിരിക്കാൻ എ.ആര്‍.ടി വഴിയാണ് ഗർഭം ധരിച്ചതെന്ന സത്യവാങ്മൂലവും മെഡിക്കല്‍ രേഖകളുടെ പകര്‍പ്പും രജിസ്ട്രേഷനു വരുന്നവരിൽ നിന്നും വാങ്ങി വെക്കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്. ഐ.വി.എഫ് വഴി എട്ടുമാസം ഗർഭിണിയായ സ്ത്രീയാണ് ഹർജി നൽകിയത്. ഗർഭം ധരിക്കുന്നവരോട് പോലും ആരുടെ ബീജമാണെന്ന് പറയാത്ത സാഹചര്യത്തിൽ രജിസ്ട്രേഷന്‍ ഫോമില്‍ പിതാവിന്റെ പേര് നൽകണമെന്ന രീതി ഒഴിവാക്കണമെന്നായിരുന്നു ഇവർ ഹർജിയിൽ നൽകിയിരുന്നത്.