തിരക്ക് നിയന്ത്രിക്കാനായില്ലെങ്കിൽ മദ്യശാലകൾ അടച്ചിടാൻ കോടതി നിർദേശം

Keralam News

മദ്യശാലകൾക്കു മുന്നിലുള്ള തിരക്കും കൂട്ടവും നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ അടച്ചിടണമെന്ന് ഹൈക്കോടതി ബെവ്കോയോട് പറഞ്ഞു. ആളുകൾക്ക് മാന്യമായി മദ്യം വാങ്ങുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നും അവരെ പകർച്ച വ്യാധിക്ക് വിട്ടുകൊടുക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വിശദമാക്കി. മദ്യം വാങ്ങുവാൻ വരുന്നവർക്കും കുടുംബമുണ്ടെന്നും അതും ആലോചിക്കണമെന്നും കോടതി പരാമർശിച്ചു.

മദ്യവിൽപ്പന ശാലയ്ക്ക് മുന്നിലുള്ള തിരക്ക് നിയന്ത്രിക്കുക അല്ലെങ്കിൽ മൊത്തമായും അടയ്ക്കുക എന്നാണ് കോടതി പറഞ്ഞത്. അല്ലാതെ മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാത്ത അവസ്ഥയാണെന്നും എന്ത് വന്നാലും മദ്യം വാങ്ങാൻ വരുന്നവർക്ക് അസുഖം പിടിപെട്ടോട്ടെയെന്ന് ചിന്തിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. മദ്യവിൽപ്പന ശാലകളിൽ അടിസ്‌ഥാന സൗകര്യങ്ങളെല്ലാം ഉറപ്പു വരുത്തണമെന്നും കോടതി വീണ്ടും നിർദേശിച്ചിട്ടുണ്ട്.

ഇന്നലെ കോടതി സർക്കാരിനോട് ചോദ്യം ചോദിച്ചതിന്റെ അടിസ്ഥാനത്തിൽ മദ്യശാലകൾക്കും പുതിയ കോവിഡ് നിയന്ത്രങ്ങൾ ബാധകമാക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത ശാലകൾ വേറെ ഒരിടത്തേക്ക് മാറ്റുവാനുള്ള നടപടികൾ എടുത്തിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എക്‌സൈസ്‌ കമ്മീഷണറാണ് സൗകര്യമില്ലാത്ത ശാലകൾക്കു അനുമതി കൊടുത്തതെന്നും അത് മെച്ചപ്പെടുത്താനും സ്ഥലം മാറ്റാനും രണ്ട് മാസമെങ്കിലും സമയം അനുവദിക്കണമെന്നും ബെവ്‌കോയും കോടതിയെ അറിയിച്ചിട്ടുണ്ട്. അടുത്ത മാസം രണ്ടാം തീയ്യതി വീണ്ടും കോടതി കേസ് പരിഗണിക്കും.