കേരളത്തിന്റെ പുനരധിവാസ പദ്ധതി രാജ്യത്തിന് മാതൃക- റവന്യുമന്ത്രി

Keralam News Politics

കേരളം നടപ്പിലാക്കി വരുന്ന പുനരധിവാസ പദ്ധതി രാജ്യത്തിനു തന്നെ മാതൃകയാണെന്ന് റവന്യുമന്ത്രി കെ രാജൻ. പ്രകൃതി ദുരന്തം ഉണ്ടാകുമ്പോൾ കേരളത്തിന് വിദേശങ്ങളിൽ നിന്നും ലഭിച്ചിരുന്ന സഹായങ്ങൾ തടഞ്ഞത് കേന്ദ്ര സർക്കാരാണെന്നും അദ്ദേഹം നിയമ സഭയിൽ പറഞ്ഞു.

എന്നാൽ പ്രളയത്തിന് ശേഷമുള്ള പുനരധിവാസത്തിൽ സർക്കാർ പൂർണ പരാജയമായിരുന്നുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പൂത്തുമല ദുരന്തമുണ്ടായി രണ്ടു വർഷം കഴിഞ്ഞിട്ടും ഒരാൾക്ക് പോലും വീട് നൽകിയില്ലെന്ന് ടി സിദ്ധിക്ക് എംഎൽഎ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൽ പറഞ്ഞു. പെട്ടിമുടി ദുരന്തത്തിലും ആളുകളെ പുനരധിവസിപ്പിക്കാൻ സർക്കാറിനായില്ലെന്നും, കവളപ്പാറയിൽ ഹൈക്കോടതി ഇടപെട്ടതിനു ശേഷമാണ് പുനരധിവാസം നടത്തിയതെന്നും പ്രതിപക്ഷം ആരോപിച്ചു.

വളപ്പാറയിലെ 58 പേർക്കുള്ള വീടിന്റെ നിർമ്മാണം നടക്കുന്നുണ്ടെന്നും പൂത്തുമലയിൽ 38 വീടുകളുടെ നിർമ്മാണം ഈ മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും റവന്യുമന്ത്രി മറുപടി നൽകിയിട്ടുണ്ട്. 18 വീടുകൾ പുത്തുമലയിൽ നിർമ്മിക്കാമെന്ന് പറഞ്ഞ സ്പോൺസർ പിൻമാറിയെന്നും അതിനാൽ അവിടെ പകരമൊരു പദ്ധതി തയ്യാറാക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. എല്ലാവരുടെയും സഹരണത്തോടെ പുനരധിവാസം പൂര്തത്തീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അതിനാൽ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർ ഇപ്പോൾ നിൽക്കുന്ന വാടക വീടിന്റെ വാടക പോലും സർക്കാർ നൽകുന്നില്ലെന്നും സ്പോൺസേഴ്സിനെ ഏകോപിപ്പിക്കാൻ സർക്കാറിനായില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. എല്ലാ പദ്ധതികളും പകുതി വെച്ച് നിർത്തുകയാണെന്ന് തെളിവുകൾ സഹിതം പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം അവതരിപ്പിക്കാൻ അനുമതി കിട്ടാത്തതിനാൽ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.