മദ്യ വില്‍പ്പനശാലകളുടെ എണ്ണം കൂട്ടാനൊരുങ്ങി സംസ്ഥാന സർക്കാർ

Keralam News

സംസ്ഥാനത്തെ മദ്യ വില്‍പ്പനശാലകളുടെ എണ്ണം ആറിരട്ടിയോളം വർധിപ്പിക്കാനൊരുങ്ങി കേരള സർക്കാർ. മാതൃഭൂമിയുടെ റിപ്പോർട്ട് പ്രകാരം ഇതിനായുള്ള ശുപാർശ നികുതി വകുപ്പ് സെക്രട്ടറിക്ക് സംസ്ഥാന എക്സൈസ് കമ്മിഷണര്‍ നൽകിയിട്ടുണ്ട്.

തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ 17,000 ഓളം മദ്യവിൽപ്പന ശാലകളുണ്ടെന്നും കേരളത്തിലാകെ ഒരു ലക്ഷം പേർക്ക് ഒരു വിൽപ്പനശാല മാത്രമേ ഉള്ളൂയെന്നും കാണിച്ചാണ് മദ്യശാലകളുടെ എണ്ണം കൂട്ടുന്നത്.

ഇതുവഴി മദ്യം വാങ്ങുന്നതും ഉപയോഗിക്കുന്നതും പ്രോത്സാഹിപ്പിക്കുകയല്ലെന്നും, ഉപഭോക്താക്കൾക്കായുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തി സാമൂഹിക-സാംസ്കാരിക രംഗത്ത് ഉപഭോക്താവിന്‍റെ അന്തസ്സ് ഉയർത്താനാണ് ഉദ്ദേശിക്കുന്നതെന്നും ശുപാർശയിൽ പറയുന്നുണ്ട്. വേണ്ടത്ര സൗകര്യമില്ലാത്ത നൂറിലധികം മദ്യവിൽപ്പന ശാലകൾ മാറ്റിസ്ഥാപിക്കാനും ശുപാർശയിൽ സൂചിപ്പിക്കുന്നുണ്ട്. കേരളത്തില്‍ ഇപ്പോൾ ബിവറേജസ് കോര്‍പ്പറേഷന്‍റെ കീഴിൽ 270 മദ്യവില്‍പ്പനശാലകളും കണ്‍സ്യൂമര്‍ഫെഡിന്‍റെ കീഴിൽ 39 വില്‍പ്പനശാലകളുമുണ്ട്.

ദിനവും പ്രവർത്തിക്കുന്ന മദ്യവില്‍പ്പനശാലകളിൽ നിലവിലുള്ള കൗണ്ടറുകളുടെ എണ്ണം അധികമാക്കി, പ്രവര്‍ത്തനസമയം മുഴുവന്‍ തുറക്കണമെന്നും അതിനു തയ്യാറാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാനുംമുള്ള കോടതിയുടെ പരാമര്‍ശത്തിനടിസ്ഥാനത്തിലാണ് സംസ്ഥാന എക്സൈസ് വകുപ്പ് പുതിയ തീരുമാനം എടുത്തത്.