വനം വകുപ്പിൽ ഗർഭകാലത്ത്‌ യൂണിഫോം ധരിക്കേണ്ട; ചരിത്രനേട്ടവുമായി ആതിര

Keralam News

സംസ്ഥാന വനം വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായി യൂണിഫോം ധരിക്കാതെ ഒരാൾക്ക് ജോലി ചെയ്യാം. ബീറ്റ ഫോറസ്റ് ഓഫീസർ ആതിര ഭാഗ്യനാഥിനാണ് ഈ അപൂർവ നേട്ടം കൈവന്നിരിക്കുന്നത്.

ഗർഭകാലത്ത്‌ യൂണിഫോം ധരിച്ചു കൊണ്ട് ജോലി ചെയ്യുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഇളവ് വേണമെന്നും കാണിച്ച് ആതിര കൊടുത്ത അപേക്ഷ അംഗീകരിച്ചതിനാലാണ് പുതിയ മാറ്റം. വനം വകുപ്പിലെ നിരവധി വനിതാ ഉദ്യോഗസ്ഥർ വർഷങ്ങളായി ഇതേ ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും ആദ്യമായി അതിനുള്ള അനുമതി കിട്ടുന്നത് ആതിരയ്ക്കാണ്. ആറളം വൈല്‍ഡ് ലൈഫ് റേഞ്ചിന് കീഴിലുള്ള നരിക്കടവ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ് ആതിര.

ഈ ആവശ്യം അംഗീകരിച്ച് ചരിത്രം കുറിച്ചതും മറ്റൊരു സ്ത്രീയാണ്. സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഫോറെസ്റ്റ് റേഞ്ചറും മുസ്ലിം സമുദായത്തില്‍ നിന്നുള്ള രാജ്യത്തെ തന്നെ ആദ്യ വനിതാ ഫോറെസ്റ്റ് റേഞ്ച് ഓഫീസറുമായ എ. ഷജ്‌നയാണ് ആതിരയ്ക്ക് യൂണിഫോം ധരിക്കാതെ ജോലി ചെയ്യാനുള്ള അനുമതി നൽകിയത്.ഗർഭിണി ആയിരുന്ന സമയത്ത് ഒൻപതാം മാസം വരെയും ജോലി ചെയ്തിരുന്നെന്നും യൂണിഫോം ധരിച്ച ജോലി ചെയ്യുന്നതിലെ കഷ്ടപ്പാട് നന്നായി അറിയുന്നതിനാലുമാണ് ആതിരയുടെ ആവശ്യത്തിന് അനുമതി നൽകിയതെന്നാണ് സജ്‌ന പറയുന്നത്.

എണ്ണൂറോളം വനിതാ ഉദ്യോഗസ്ഥർ സംസ്ഥാന വനം വകുപ്പിലെ യൂണിഫോം തസ്തികയില്‍ ജോലി ചെയ്യുന്നുണ്ട്. 2017ല്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായെത്തിയ അധികപേരും വനിതകളായിരുന്നു. പോലീസില്‍ ഗര്‍ഭകാലത്ത് വനിതകൾക്ക് യൂണിഫോമിനു ഇളവ് നൽകുന്ന വ്യവസ്ഥയുണ്ടെങ്കിലും വനം വകുപ്പിൽ ഇത് ഉണ്ടായിരുന്നില്ല.