കോവിഡിൽ കഷ്ടപ്പെടുന്നവർക്ക് 5600 കോടിയുടെ പാക്കേജുമായി സര്‍ക്കാര്‍

Keralam News

തിരുവനന്തപുരം: കോവിഡ് മൂലം കഷ്ടത അനുഭവിക്കുന്നവർക്ക് 5600 കോടിയുടെ പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍. ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍ എന്നിവരുൾപ്പെടെ കൊവിഡ് രണ്ടാംതരംഗം മൂലം ദുരിതത്തിലായവർക്ക് വേണ്ടിയാണ് പ്രത്യേക പാക്കേജ്.

ഇവരിൽ സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പകള്‍ എടുത്തവർക്ക് ഇളവുകൾ കൊടുക്കുമെന്നും കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നും വായ്പയെടുത്തവര്‍ക്ക് അടുത്ത വർഷം ജൂലായ് വരെ മൊറട്ടോറിയം നൽകുമെന്നും പറഞ്ഞിട്ടുണ്ട്. രണ്ടുലക്ഷമോ അതിനു താഴെയോ വ്യാപാരികൾ എടുത്ത വായ്പയുടെ നാല് ശതമാനം പലിശ അടുത്ത ആറുമാസകാലത്തേക്ക് സർക്കാർ നേരിട്ട് അടയ്ക്കും.

ഇതോടൊപ്പം കെ എഫ് സി നൽകുന്ന വായ്പകളുടെ പലിശയും കുറച്ചിട്ടുണ്ട്. സാധാരണ പലിശ 9.5 ൽ നിന്ന് എട്ട് ശതമാനവും, ഉയര്‍ന്ന പലിശ 12 ല്‍ നിന്ന് 10.5 ശതമാനവുമാണ് കുറച്ചത്. സർക്കാർ വാടകയ്ക്ക് നൽകിയ മുറികൾക്ക് ഈ ഡിസംബർ 31 വരെ വാടക ഈടാക്കില്ലെന്നും ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്കുള്ള കെട്ടിട നികുതി ഈ വർഷം വരെ ഒഴിവാക്കിയെന്നും പ്രഖ്യാപിച്ചു.

ഈ ഇളവുകളോടൊപ്പം കൊവിഡ് പ്രതിരോധ ഉല്‍പന്നങ്ങള്‍ നിർമ്മാണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് 90 ശതമാനംവരെ വായ്പ ലഭ്യമാകുന്ന പദ്ധതിയും തുടങ്ങിയിട്ടുണ്ട്.