അനാവശ്യ പിഴ ചോദ്യം ചെയ്ത പെൺകുട്ടിക്കെതിരെ ജാമ്യമില്ലാ കേസ് ചുമത്തി പോലീസ്

Keralam News

കൊല്ലം: പോലീസുമായി വാക്കുതർക്കമുണ്ടായ പെൺകുട്ടിക്ക് നേരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസ്. സംഭവം നടന്നത് ചടയമംഗലത്താണ്. ഇടുക്കുപാറ സ്വദേശിനി ഗൗരിനന്ദയ്‌ക്കെതിരെയാണ് ചടയമംഗലം പോലീസ് കേസെടുത്തത്. പെൺകുട്ടിയും പോലീസും തമ്മിൽ സാമൂഹികകലം പാലിച്ചില്ലെന്ന് പറഞ്ഞു കൊടുത്ത നോട്ടീസിന്റെ പേരിൽ വാക്കുതർക്കം നടന്നിരുന്നു.

ഔദ്യോഗിക കൃത്യനിർവഹണത്തിൽ തടസ്സം വരുത്തി എന്ന് കാണിച്ച് കൊണ്ടാണ് ജാമ്യമില്ലാ വകുപ്പിൽ പെൺകുട്ടിയുടെ പേരിൽ കേസെടുത്തത്. അമ്മയെ ആശുപത്രിയിൽ കാണിച്ച് വരുംവഴി പൈസയെടുക്കാനായി എടിഎമ്മിൽ എത്തിയതായിരുന്നു ഗൗരി. പോലീസും പ്രായമായ ഒരാളും വാക്കേറ്റത്തിലായപ്പോ അത് അന്വേഷിക്കുകയും ആ വ്യക്തിക്ക് അനാവശ്യമായി പിഴ ഈടാക്കിയെന്നും അറിഞ്ഞപ്പോൾ അതിൽ ഇടപെടുകയും ചെയ്തതിനാണ് ഗൗരിക്ക് പിഴ ഈടാക്കിയത്.

സാമൂഹിക അകലം പാലിച്ചില്ലെന്ന കുറ്റത്തിന് പിഴ ഈടാക്കിയത് ചോദ്യം ചെയ്തതാണ് പോലീസും പെൺകുട്ടിയുമായുള്ള തർക്കത്തിന് വഴിയൊരുക്കിയത്. തുടർന്ന് പെൺകുട്ടിക്ക് നേരെ ജാമ്യമില്ലാവകുപ്പു ചുമത്തി കേസെടുക്കുകയും ചെയ്തു. സംഭവത്തിൽ പെൺകുട്ടി യുവജന കോംമിസ്സിനും പരാതി നൽകി.യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം റൂറൽ എസ്‌പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു.