പരീക്ഷ പാസ് ആകാതെ അഭിഭാഷകയായി യുവതി: ബാർ അസോസിയേഷന്റെ പരാതിയിൽ കേസെടുത്ത് പോലീസ്

Keralam News

ആലപ്പുഴ: രണ്ടരവർഷം യോഗ്യതയില്ലാതെ കോടതിയിൽ പ്രാക്ടീസ് ചെയ്ത യുവതിക്കെതിരെ കേസെടുത്ത് പോലീസ്. രാമങ്കരി സ്വദേശിനിയായ സെസ്സി സേവ്യറിനെതിരെയാണ് കേസ്. വഞ്ചന, ആൾമാറാട്ടം എന്നിങ്ങനെയുള്ള വകുപ്പുകളിലാണ് കേസെടുത്തിട്ടുള്ളത്. യോഗ്യതയില്ലായ്മയ്ക്ക് പുറമെ ബാർ അസോസിയേഷനിൽ മത്സരിച്ച് വിജയിക്കുകയും ചെയ്തിട്ടുണ്ട്. ബാർ അസോസിയേഷൻ സെക്രട്ടറിയുടെ പരാതിയിന്മേലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. യോഗ്യതയില്ലാതെയാണ് സെസ്സി കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നതെന്നും വ്യാജ എന്റോൾമെൻറ് നമ്പർ കൊടുത്താണ് അംഗത്വം നേടിയതുമെന്നാണ് പരാതിയിൽ പറയുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് പോലീസ് സെസ്സിക്കെതിരെ കേസെടുത്തു. എന്നാൽ സംഭവം പുറത്ത് വന്നതിനു ശേഷം സെസ്സി ഒളിവിലാണ്. സെസ്സി പഠിച്ചിരുന്നത് തിരുവനന്തപുരം ലോ കോളേജിലായിരുന്നു. പക്ഷെ പരീക്ഷ പാസ് ആയിട്ടില്ലായിരുന്നു. ഇതിനെക്കുറിച്ച് അറിഞ്ഞ് ആളുകൾ സെസ്സിയോട് ചോദിച്ചപ്പോൾ ബാംഗ്ലൂരിലാണ് പഠിച്ചതു എന്ന് മാറ്റി പറയുകയാണ് ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിൽ ഇവർ നൽകിയ റോൾ നമ്പർ പ്രകാരം ബാർ അസോസിയേഷനിൽ ആരും തന്നെ ഈ പേരിൽ ഇല്ലെന്നാണ് തെളിഞ്ഞത്.

അതനുസരിച്ച് ഇവർക്ക് നോട്ടീസ് അയക്കുകയും യോഗ്യതാ സർട്ടിഫിക്കറ്റ് 24 മണിക്കൂറിനകം സമർപ്പിക്കണമെന്നും പറഞ്ഞു. എന്നാൽ ഇത് പാലിക്കാത്തതിനാൽ അടിയന്തര എക്സിക്യൂട്ടീവ് കമ്മിറ്റി കൂടി ഇവരെ ബാർ അസ്സോസ്സിയേഷനിൽ നിന്നും പുറത്താക്കുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകി.