കുഞ്ഞ് മൂത്രമൊഴിച്ചതിന് ഭര്‍ത്താവ് മര്‍ദിച്ചുമലപ്പുറം മാറാക്കരയില്‍ യുവതി ആത്മഹത്യചെയ്തു.

Crime Keralam News

മലപ്പുറം: ഭര്‍തൃവീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതി ചികിത്സക്കിടെ മരിച്ചു. മാറാക്കര മുള്ളംമട അടാട്ടില്‍ അര്‍ഷാദലിയുടെ ഭാര്യ സഫ് വാന(23)യാണ് മരിച്ചത്. കഴിഞ്ഞ നാലിന് ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചതായിരുന്നു യുവതിയെ. കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അര്‍ഷാദലിയെ കാടാമ്പുഴ എസ്.ഐ അമീറലി അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.അതേസമയം, ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനമാണ് സഫ്‌വാനയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം. സ്ത്രീധനത്തിന്റെ പേരിലും മറ്റും ഭര്‍ത്താവും ഭര്‍തൃമാതാവും സഫ്‌വാനയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പിതാവ് മുജീബും പ്രതികരിച്ചു. ഇവരുടെ പരാതിയിലാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച ഒന്നരവയസ്സുള്ള കുഞ്ഞ് തന്റെ ദേഹത്ത് മൂത്രമൊഴിച്ചതിന് ഭര്‍ത്താവ് സഫ്‌വാനയെ ശകാരിച്ചിരുന്നതായാണ് വിവരം. കുഞ്ഞ് മൂത്രമൊഴിച്ചതിന് ഭര്‍ത്താവ് സഫ്‌വാനയെ മര്‍ദിച്ചിരുന്നതായും ആരോപണമുണ്ട്. ഇതില്‍ മനംനൊന്താണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.