സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പുനല്കുന്നവർക്ക് ഇനി സർവകലാശാല അഡ്മിഷൻ

Keralam News

കൊച്ചി: ഇനി സർവകലാശാല പ്രവേശനം സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പുനല്കുന്നവർക്ക് മാത്രമേ നൽകാവൂവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു. സ്ത്രീധനം വാങ്ങില്ലെന്ന് വിദ്യാർത്ഥികൾ അഡ്മിഷൻ എടുക്കുമ്പോൾ തന്നെ സത്യപ്രസ്താവനയിൽ ഒപ്പിടണമെന്നുള്ള വ്യവസ്ഥായാണ് കൊണ്ടുവരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥികൾക്കിടയിൽ ബോധവത്കരണം നടത്തികൊണ്ടായിരിക്കണം സ്ത്രീധന സമ്പ്രദായത്തെ പാടെ ഇല്ലാതാക്കേണ്ടത്. അതിനായിയുള്ള നടപടികൾ സർവകലാശാലകളിൽ വിദ്യാർത്ഥികൾ അഡ്മിഷൻ എടുക്കുമ്പോൾ തന്നെ തുടങ്ങേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു. എറണാകുളത്തെ ഗസ്റ്ഹൗസിൽ വൈസ് ചാന്സിലർമാരുമായി യോഗം നടത്തിയതിനു ശേഷം അദ്ദേഹം മാധ്യമങ്ങളുമായി കൂടിക്കാഴ്ച്ച നടത്തുകയായിരുന്നു.

സർവകലാശാലയിൽ പ്രവേശനം എടുക്കുമ്പോഴും ബിരുദം കരസ്ഥമാക്കി ഇറങ്ങുമ്പോഴും സ്ത്രീധനം വാങ്ങില്ലെന്ന ഒപ്പിട്ട സത്യപ്രസ്താവന വിദ്യാർത്ഥികളിൽ നിന്നും വാങ്ങണം. ഇതേ രീതി തന്നെ സർവകലാശാല നിയമനങ്ങളുടെ കാര്യങ്ങളിലും പിന്തുടരണം. സ്ത്രീധനമായി എന്ത് തന്നെ നൽക്കുകയാണെങ്കിലും അതിൽ വരനും കുടുംബത്തിനും ഒരു പങ്കില്ലെന്നും അത് വധുവും കുടുംബവും തമ്മിലുള്ള കൊടുക്കൽ വാങ്ങൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീധനത്തിന്റെ പേരിൽ പീഡനങ്ങളും ആത്മഹത്യകളും കൂടി വരുന്നതിനെതിരെയാണ് ഗവർണർ സംസാരിച്ചത്. ഇത് സ്ത്രീകളുടെ മാത്രം പ്രശ്നമല്ലെന്നും എല്ലാ മനുഷ്യരുടെയും ആവശ്യമാണെന്നും നിർബന്ധിച്ചുകൊണ്ടുള്ള സ്ത്രീധനം പാടില്ലെന്നും മാധ്യമങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും ഇതിനെതിരെ എല്ലാവരും ഒരുപോലെ നിന്ന് പോരാടണമെന്ന് കൈകൂപ്പി അഭ്യർഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.