സ്ത്രീധനത്തിന്റെ പേരിൽ ജീവനുകൾ പൊലിയുമ്പോൾ മാതൃകയായി ഒരു വിവാഹം

Keralam News

ആലപ്പുഴ: സ്ത്രീധന സമ്പ്രദായവും അതെ ചൊല്ലിയുള്ള ഗാർഹികപീഡനങ്ങളും ആത്മഹത്യകളും വർധിച്ചു വരുന്ന നമ്മുടെ നാട്ടിൽ മാതൃകയായി ഒരു വിവാഹം. താലി മാത്രം സ്വീകരിച്ച് പെണ്ണിന് കൊടുത്ത 50 പവനും തിരികെ നൽകിയാണ് ഈ വിവാഹം മാതൃകയാകുന്നത്‌. ‘ഞങ്ങൾക്ക് പെണ്ണിനോടൊപ്പം ആ താലി മാത്രം മതി. പിന്നെ നിനക്കു വേണമെങ്കിൽ മാത്രം കയ്യിൽ അണിഞ്ഞിരിക്കുന്ന വളകൾ എടുക്കാം’ എന്നായിരുന്ന കല്യാണച്ചെറുക്കനായ സതീഷ് പറഞ്ഞത്.

സതീഷിന്റെ ഈ വാക്കുകളിൽ സന്തോഷവും സമ്മതവുമായിരുന്നു ശ്രുതിക്ക്. പിന്നീട് ഒട്ടും വൈകാതെ തന്നെ സതീഷും അച്ഛനും ചേർന്ന് ശ്രുതിക്ക് നൽകിയിരുന്നു 50 പവൻ സ്വർണ്ണം വധുവിന്റെ വീട്ടുകാർക്ക് തിരിച്ചു കൊടുക്കുകയായിരുന്നു. വിവാഹത്തിന് ശ്രുതി സ്വർണാഭരണങ്ങൾ അണിഞ്ഞുകൊണ്ടായിരുന്നു പണയിലെ ദേവീക്ഷേത്രത്തിൽ എത്തിയിരുന്നത്. എന്നാൽ വിവാഹശേഷം നൽകിയ സ്വർണാഭരണങ്ങൾ എല്ലാം തിരിച്ചെൽപ്പിക്കുകയായിരുന്നു. സ്വർണാഭരണങ്ങൾ മാതാപിതാക്കൾക്ക് നൽകിയത് എസ്എൻഡിപി ശാഖായോഗം ഭാരവാഹികളുടെ സാന്നിധ്യത്തിലായിരുന്നു.