സൈബർ സെൽ ഉദ്യോഗസ്ഥൻ എന്ന പേരിൽ തട്ടിപ്പ്

Keralam News

പാലക്കാട്: സൈബർ സെൽ ഉദ്യോഗസ്ഥനെന്ന പേരിൽ തട്ടിപ്പുമായെത്തിയ തിരുവനന്തപുരം സ്വദേശിയെ പോലീസ് പിടികൂടി. നെടുമങ്ങാട് കുരുപ്പുഴ നന്നിയോട് പച്ചപ്പാലുവള്ളി സ്മിത ഭവനിൽ ദീപു കൃഷ്ണയെയാണ് ആലത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് സൈബർ സെൽ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് ആലത്തൂരുള്ള ഒരു യുവതിയെ ഫോണിൽ വിളിച്ച് പണം നൽകണമെന്ന് പറഞ്ഞു. യുവതി ആദ്യം പണം കൊടുക്കാൻ തീരുമാനിച്ചുരുന്നു. എന്നാൽ പിന്നീട് പണം നൽകില്ലെന്ന് പറയുകയും അപ്പോൾ യുവാവ് കുറച്ചു നൽകിയാൽ മതിയെന്നും പറഞ്ഞതിലൂടെയാണ് ഇത് തട്ടിപ്പാണെന്ന് യുവതിക്ക് മനസിലായത്.

സംശയത്തെത്തുടർന്ന് യുവതി കാര്യം പോലീസിനെ അറിയിച്ചു. പിന്നീട് ചോദിച്ച പണം നേരിട്ട് വരുകയാണെങ്കിൽ മാത്രമേ നൽകുള്ളൂ എന്ന് പറഞ്ഞു യുവാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. വീട്ടിലെത്തിയ യുവാവ് താൻ പറ്റിക്കപെടുകയാണെന്നു മനസിലാക്കി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസും നാട്ടുകാരും ചേർന്ന് പിടികൂടി. പ്രതിയെ അറസ്റ്റ് ചെയ്തത് ആലത്തൂർ സി.ഐ. റിയാസ് ചാക്കീരിയുടെ നേതൃത്വത്തിലുള്ള സംഘമാണ്. ഇതേ രീതിയിലെ തട്ടിപ്പിൽ നാലോളം കേസുകൾ ഇയാളുടെ പേരിൽ തിരുവനന്തപുരം ജില്ലയിലും ഉള്ളതായി പോലീസ് അറിയിച്ചു.