ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം: മനുഷ്യാവകാശത്തിനുള്ള രക്തസാക്ഷിത്വമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Keralam News

മലപ്പുറം: രാജ്യത്തെ മനുഷ്യാവകാശത്തിനു വേണ്ടിയുള്ള രക്തസാക്ഷിത്വമാണ് ഫാദർ സ്റ്റാൻ സ്വാമിയുടെ തടവറയിലെ മരണം. ഇത്‌ മാനുഷികനീതി നിഷേധിക്കുന്ന ഭരണകൂടങ്ങളുടെ കണ്ണുതുറപ്പിക്കണമെന്നും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്‌ ദേശീയ ജനറൽ സെക്രട്ടരി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോകത്തെ നടുക്കിയ വാർത്തയാണ് ഇത്. ദളിതർക്കും മറ്റു പിന്നാക്ക, ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കും അടിച്ചമർത്തപ്പെട്ട സമൂഹങ്ങൾക്കും വേണ്ടി ശബ്ദമുയർത്തിയതിനാണ്‌ മനുഷ്യസ്നേഹിയായ ഒരു പൊതു പ്രവർത്തകനെ തീവ്രവാദ മുദ്രകുത്തി ജയിലിലടച്ച്‌ മരണത്തിലേക്കു തള്ളിവിട്ടത്.

ആരോഗ്യ ഗുരുതരാവസ്ഥ ബോധ്യപ്പെട്ടിട്ടും അടിയന്തര ചികിത്സ പോലും നൽകാതെ തടവറയിൽ നിന്നു പുറത്തിറക്കാതെ ഈ രാജ്യസ്നേഹിയെ മരണത്തിനു കൈമാറുകയായിരുന്നു. നീതിക്കുവേണ്ടി പൊരുതുന്നവരോടുള്ള ഭരണ കൂടത്തിന്റെ താക്കീതാണ്‌ ഫാദർ സ്റ്റാൻ സ്വാമിയോട്‌ ചെയ്ത നിഷ്ഠൂരത.

ജ്യത്തെ ഒരുപാട് ജയിലുകളിൽ ഇനിയുമെത്രയോ നിരപരാധികൾ , മനുഷ്യാവകാശ, സാമൂഹിക പ്രവർത്തകർ വിചാരണപോലും നേരിടാതെ രാകഴിയുന്നുണ്ട്‌. കോടതി നിർദ്ദേശിച്ചിട്ടും മാരകരോഗത്തിനുപോലും ചികിത്സ നിഷേധിക്കുന്ന ഭരണകൂട, പൊലീസ്‌ നടപടികൾ മനുഷ്യത്വ വിരുദ്ധവും പ്രാകൃതവുമാണ്‌.

ഭരണകൂടങ്ങളിൽ നിന്നു സമൂഹം പ്രതീക്ഷിക്കുന്നത് നീതിയാണ്‌. അതു നൽകാനാവില്ലെങ്കിൽ പിന്നെ ജനാധിപത്യത്തിനും മനുഷ്യത്വത്തിനും എന്തു വിലയാണുള്ളത്‌-കുഞ്ഞാലിക്കുട്ടി ചോദിച്ചു.