പ്രധാനമന്ത്രിയുടെ മൂന്നു ദിവസത്തേക്കുള്ള അമേരിക്കൻ സന്ദർശനം ഇന്ന് തുടങ്ങും

India News

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നു ദിവസത്തേക്കുള്ള ഔദ്യോഗിക അമേരിക്ക സന്ദർശനം ഇന്ന് തുടങ്ങും. മൂന്നു ദിവസങ്ങൾ കൊണ്ട് അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുടെ ഭരണതലവന്മാരുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ച നടത്തും. ഇതേ കാലയളവിൽ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യുകയും, നാല് രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് യോഗത്തിൽ പങ്കെടുക്കുകയും ചെയ്യും. ഇന്ത്യയുടെ സുരക്ഷാ, ശാസ്ത്ര, വാണിജ്യ, തൊഴിൽ മേഖലയിൽ അമേരിക്കൻ സന്ദർശനം വലിയ ഗുണങ്ങളുണ്ടാക്കുമെന്നാണ് വിദേശകാര്യ സെക്രട്ടറി അവകാശപ്പെടുന്നത്.

വിദേശകാര്യ സെക്രട്ടറി ഹർഷ്.വി. ശൃംഗ്ല, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ തുടങ്ങിയ ഉന്നതതല സംഘം പ്രധാനമന്ത്രിയെ അനുഗമിക്കും. 2019ന് ശേഷം മോദി നടത്തുന്ന ആദ്യത്തെ അമേരിക്കൻ സന്ദർശനമാണിത്. വൈറ്റ് ഹൗസിൽ വെച്ച് അമേരിക്കൻ പ്രസിഡന്റ് ജോബ് ബൈഡനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. വ്യാപാര കരാർ, സാങ്കേതിക കൈമാറ്റം, അഫ്ഗാൻ വിഷയം, സൈനിക സഹകരണം തുടങ്ങിയവയാവും കൂടിക്കാഴ്ചയിൽ വിഷയമാവുക. അഫ്ഗാൻ വിഷയത്തിൽ ചൈനയും പാകിസ്ഥാനും താലിബാൻ പിന്തുണ അറിയിച്ചു കൊണ്ട് അഫ്ഗാനിസ്ഥാനിൽ സ്വാധീനമുണ്ടാക്കുന്നതിലുള്ള ആശങ്ക പ്രധാനമന്ത്രി ബൈഡനെ അറിയിക്കും. ഇതോടൊപ്പം ഇന്ത്യൻ വംശജയായ വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ഇംഗ്ലണ്ടിന്റെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നീ ഭരണാധികാരികളെ കൂടിയാണ് പ്രധാനമന്ത്രി കൂടികാഴ്ച നടത്തുക. ഇതോടൊപ്പം വാഷിംഗ് ടണിൽ ആപ്പിൾ അടക്കമുള്ള പ്രമുഖ കമ്പനികളുടെ സി.ഇ.ഒ മാരുമായും ചർച്ച നടത്തും. അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി ഈ മാസം 26 നാണ് പ്രധാനമന്ത്രി തിരിച്ച് ഇന്ത്യയിലെത്തുക.