എംഎൽഎമാരും എംപിമാരും പ്രതികളായ കേസുകൾ വേഗത്തിൽ തീർക്കണം- സുപ്രീംകോടതി

India News

ദില്ലി: എംഎൽഎമാരും എംപിമാരും പ്രതികളായ ക്രിമിനൽ കേസുകൾ നീട്ടികൊണ്ടു പോകുന്നതിനെ ചോദ്യം ചെയ്‌ത്‌ സുപ്രീംകോടതി. ഇത്തരത്തിലുള്ള കേസുകളിൽ ഇവർ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ എത്രയും പെട്ടെന്ന് പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ട് പോകണമെന്നും കേസ് പെട്ടെന്ന് തന്നെ തീർപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

കേന്ദ്ര അന്വേഷണ ഏജൻസികളായ ഇഡി, സിബിഐ എന്നിവർ അന്വേഷിക്കുന്ന കേസുകൾ വൈകുന്നതിന്റെ കാരണം വിശദീകരിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ നല്കാൻ കേന്ദ്രത്തോടും നിർദേശിച്ചിട്ടുണ്ട്. സിബിഐക്കും ഇഡിക്കുമെതിരെ രൂക്ഷ വിമർശനമാണ് കോടതി നടത്തിയത്. അന്വേഷണത്തിന്റെ ആരംഭത്തിൽ പ്രതിസ്ഥാനത്തുള്ള ആളുടെ സ്വത്തുക്കൾ ഇഡി മരവിപ്പിക്കുമെന്നല്ലാതെ മറ്റൊരു നടപടിയും അവരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ഇരുപതും മുപ്പതും വർഷങ്ങൾ കഴിഞ്ഞിട്ടും കുറ്റപത്രം സമ്മർപ്പിക്കാത്ത കേസുകളുണ്ടെന്നും ഇത്ര വലിച്ചു നീട്ടുന്നതിന്റെ ആവശ്യമെന്താണെന്നുമാണ് കോടതി ചോദിച്ചത്.

സാമ്പത്തിക ക്രമക്കേടുകൾ നടത്തിയ കേസിൽ അന്വേഷണം മുഴുവനാക്കാൻ കൂടുതൽ സമയം വേണമെന്ന് സോളിസിറ്റർ ജനറൽ തുഷാർമേത്ത കോടതിയിൽ അറിയിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ ഇത്തരം കേസുകൾ പൂർത്തിയാക്കണമെന്ന ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീംകോടതിയോട് എസ്ജി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ വിഷയം ഹൈകോടതിയോട് ആവശ്യപെടണമെന്നും ദില്ലിയിൽ നിന്ന് മുഴുവൻ സംസ്ഥാനത്തിലെയും കോടതികളെ നിരീക്ഷിക്കുകയെന്നത് സാധ്യമല്ലെന്നും സുപ്രീംകോടതി പറഞ്ഞു.