ജോൺസൻ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്സിന് ഇന്ത്യയിൽ അനുമതി

Health India News

ജോൺസൻ ആൻഡ് ജോൺസൻ കമ്പിനി നിർമ്മിച്ച ഒറ്റ ഡോസ് വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഈ വിവരം അറിയിച്ചത്. ഈ മാസം അഞ്ചാം തീയ്യതി ജോൺസൻ ആൻഡ് ജോൺസൻ കമ്പിനി ഉപയോഗാനുമതിക്കായി അപേക്ഷ സമർപ്പിച്ചിരുന്നു.

കമ്പിനി സമർപ്പിച്ച അപേക്ഷ വിശദമായി പരിശോധിച്ച ശേഷം അനുമതി നൽകുകയായിരുന്നു. ഇന്ത്യൻ കമ്പിനിയായ ബിയോളോജിക്കൽ ഇയുമായി കൂടി ചേർന്നാകും ഇന്ത്യയിൽ ഇവരുടെ വാക്സിൻ വിതരണം നടത്തുക. ഒരു ദിവസം ഒരു കോടി ഡോസ് വാക്സിൻ എന്ന കേന്ദ്ര സർക്കാരിന്റെ ലക്ഷ്യത്തിന് ആക്കം കൂട്ടാൻ ഈ തീരുമാനം സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

“ഇന്ത്യ വാക്സിൻ ശേഖരണം വിപുലീകരിച്ചിരിക്കുന്നു. ജോൺസൻ ആൻഡ് ജോൺസൻ കമ്പിനിയുടെ ഒറ്റ ഡോസ് വാക്സിൻ ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകി. ഇപ്പോൾ ഇന്ത്യയിൽ അഞ്ച് അടിയന്തര ഉപയോഗത്തിനുള്ള വാക്സിനുകൾ ഉണ്ട്. കോവിഡിനെതിരെയുള്ള ഇന്ത്യയുടെ കൂട്ടായ പോരാട്ടത്തെ ഇത് കൂടുതൽ ഉത്തേജിപ്പിക്കും.” കേന്ദ്ര ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തു.