റിങ് ഡ്രസ് മാറ്റാനുള്ള നിർദേശം; വിശദീകരണം തേടി മേരി കോം

India News Sports

ടോക്യോ: മത്സരത്തിന് ഒരു മിനിറ്റ് മാത്രം മുന്‍പ് റിങ് ഡ്രസ് മാറാന്‍ പറഞ്ഞതിന്റെ വിശദീകരണം തേടി മേരി കോം. ഇന്ത്യയുടെ ഒളിംപിക്‌സ് പ്രതീക്ഷയായിരുന്ന മേരി കോമിന്റെ അപ്രതീക്ഷിത തോൽവിക്ക് ശേഷമാണ് ടോക്യോ ഒളിംപിക്‌സ് അധികൃതരോട് മേൽ പറഞ്ഞ നിർദേശത്തിന്റെ കാരണം ചോദിച്ചിരിക്കുന്നത്.

തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് മേരി കോം വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. എന്താണ് റിങ് ഡ്രസ് എന്ന് ആരെങ്കിലും വിശദീകരിക്കാമോ. എന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന് തൊട്ടുമുന്‍പ് റിങ് ഡ്രസ് മാറ്റാന്‍ അധികൃതർ ആവശ്യപ്പെട്ടു. അതിന്റെ കാരണം ആര്‍ക്കെങ്കിലും വിശദീകരിക്കാൻ കഴിയുമോ എന്നാണ് അവർ ട്വിറ്ററിൽ കുറിച്ചത്.

മത്സരത്തില്‍ താൻ ജയിച്ചെന്നാണ് കരുതിയിരുന്നതെന്നും മുൻകേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവിന്റെ ട്വീറ്റ് കണ്ടപ്പോഴാണ് താൻ തോറ്റത് അറിഞ്ഞതെന്നും അതെന്നെ മാനസികമായി അസ്വസ്ഥയാക്കിയെന്നും മേരി കോം നേരത്തെ പറഞ്ഞിരുന്നു.

കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വിക്ടോറിയയുമായുള്ള മത്സരത്തിലാണ് 3.2 എന്ന സ്പ്ലിറ്റ് ഡിസിഷനിൽ മേരി കോം തോൽവി സമ്മതിച്ചത്. തോൽവി ഇപ്പോഴും സമ്മതിക്കാൻ മേരി കോമിനായിട്ടില്ല. ടോക്കിയോ ഒളിംപിക്സിലെ അംബാസഡർ പദവി രാജിവയ്ക്കുമെന്നാണ് ഇപ്പോഴത്തെ അവരുടെ നിലപാട്.