മൂന്നു തലയുള്ള കുഞ്ഞ് ദൈവം; അനുഗ്രഹം തേടി ഗ്രാമീണർ

India News

മൂന്നു തലകളോടെ ജനിച്ച കുഞ്ഞിനെ ദൈവമായി ആരാധിച്ചു ഉത്തർപ്രദേശിലെ ഒരു ഗ്രാമം. കഴിഞ്ഞ ജൂലൈ 12 ന്ഗുലാരിയപൂർ ഗ്രാമത്തിൽ ജനിച്ച കുഞ്ഞിനെ കാണാനായി ആളുകൾ വീട്ടിലേക്ക് വന്നുകൊണ്ടേയിരിക്കുകയാണ്.

കുഞ്ഞു ദൈവത്തിന്റെ അവതാരമാണെന്നും, അത്ഭുത ശിശുവാണെന്നുമാണ് ഗ്രാമവാസികൾ പറയുന്നത്. സാധാരണയായ പ്രസവകാലവും പ്രസവവുമായിരുന്നു കുഞ്ഞിന്റെ അമ്മ രാഗിണിക്ക്. എന്നിട്ടും മൂന്ന് തലയുള്ള കുട്ടി ജനിച്ചതാണ് ഗ്രാമവാസികളെ അത്ഭുതപെടുത്തുന്നത്.

കുഞ്ഞിന്റെ തലയുടെ പിൻഭാഗത്തോട് ചേർന്നാണ് മറ്റു രണ്ടു തലകളുമുള്ളത്. ഇവയിലെല്ലാം സാധാരണ പോലെ മുടിയുമുണ്ട്. അധികമുള്ള തലകൾക്ക് ഭാരമുണ്ടെങ്കിലും കുട്ടിക്ക് യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല. യഥാർത്ഥത്തിൽ എൻസെഫാലോസെലെ എന്നറിയപ്പെടുന്ന രോഗാവസ്ഥയാണിത്. ലോകത്ത് ഇത്തരത്തിലുള്ള നിരവധി കേസുകളുണ്ട്. തലയോട്ടിയുടെ ഒരു ഭാഗം ശരിയായ രീതിയിൽ വളർച്ച വരാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ രോഗം ബാധിച്ച കുട്ടികളിൽ അതിജീവനം വളരെ കഷ്ടമാണ്. ഇനി അതിജീവിച്ചാൽ തന്നെ ഗുരുതരമായ അവസ്ഥകൾ ഉണ്ടാക്കാറുണ്ട്.

എന്നാൽ ഇതൊരു അസുഖമാണെന്ന് നാട്ടുകാർ അംഗീകരിച്ചിട്ടില്ല. കുഞ്ഞിന്റെ അനുഗ്രഹത്തിനായി മൈലുകൾ സഞ്ചരിച്ചു ആളുകൾ എത്തുന്നുണ്ട്. ഇത് കൂടാതെ കുഞ്ഞിന്റെ ചിത്രങ്ങളും വിഡിയോയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.