ഒരു മാസത്തിനിടെ 20 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ചു വാട്സാപ്പ്

India Keralam News

ന്യൂഡൽഹി: ഇന്ത്യയിലെ 20 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ചു വാട്സാപ്പ്. കേന്ദ്ര സർക്കാരിന്റെ പുതിയ ഐടി നിയമ പ്രകാരം കമ്പനി സമർപ്പിച്ച ആദ്യത്തെ പ്രതിമാസ റിപ്പോര്ട്ട് പ്രകാരമുള്ള കണക്കുകളാണിത്.

മെയ് 15 മുതൽ ജൂൺ 15 വരെയുള്ള ഒരു മാസകാലയളവിൽ 345 പരാതികൾ ലഭിച്ചെന്നും, 20
അക്കൗണ്ടുകൾ പൂട്ടിച്ചെന്നുമാണ് വാട്സാപ്പിന്റെ റിപ്പോർട്ടിലുള്ളത്. അക്കൗണ്ട് സപ്പോർട്ട്, പ്രോഡക്റ്റ് സപ്പോർട്ട്, സുരക്ഷാ പ്രശ്നങ്ങൾ നിരോധന അപ്പീൽ എന്നീ കാരണങ്ങൾ കാണിച്ചാണ് പരാതികൾ വന്നിരിക്കുന്നത്. സ്പാം അല്ലെങ്കിൽ ഓട്ടോമേറ്റഡ് സന്ദേശങ്ങൾ കൂടുതലായി അയക്കുന്ന ചില അക്കൗണ്ടുകൾ ഉണ്ടെന്നും അത്തരം അക്കൗണ്ടുകളെ കണ്ടെത്തി നിരോധിക്കുമെന്നും വാട്സാപ്പ് വ്യക്തമാക്കുന്നു.

അക്കൗണ്ടുകളിലേക്ക് അനാവശ്യവും മോശവുമായ സന്ദേശങ്ങൾ വരാതിരിക്കാനാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് വാട്സാപ്പ് പറയുന്നത്. ആഗോള തലത്തിൽ ഇതുപോലെ പ്രതിമാസം 80 ലക്ഷം അക്കൗണ്ടുകൾ നിരോധിക്കുന്നുണ്ടെന്നാണ് കണക്കുകൾ.

അക്കൗണ്ട് ഹാക്കിങ്, വ്യാജ അക്കൗണ്ടുകൾ, ഭീക്ഷണിപ്പെടുത്തൽ, നഗ്നത പ്രദർശനം തുടങ്ങിയ കുറ്റകൃത്യങ്ങൾ ആരോപിച്ചു 646 കേസുകളാണ് ഇതേ കാലയളവിൽ ഫേസ്ബുക്കിന് ലഭിച്ചിട്ടുള്ളത്. ഇവയിൽ 363 ഉപഭോക്താക്കളുടെ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്. ഇതേ കാലയളവിൽ ഇൻസ്റാഗ്രാമിന് ഇന്ത്യൻ പരാതി പരിഹാര സംവിധാനം വഴി 36 പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇവ മുഴുവനും പരിഹരിച്ചതായി റിപ്പോർട്ടിൽ കാണിക്കുന്നുണ്ട്. ഇതിനോടൊപ്പം ഒൻപതു വ്യത്യസ്ത കാരണങ്ങൾ കാണിച്ചു 20 ലക്ഷം കണ്ടെന്റുകൾക്കെതിരെയും ഇൻസ്റ്റാഗ്രാം പരാതിയെടുത്തിട്ടുണ്ട്.