ഇനി റേഷന്‍ കടകളില്‍ മോദിയുടെ ചിരിക്കുന്ന ഫോട്ടോ

India Politics

കോവിഡിനും ലോക്ഡൗണിനും ഇടയില്‍ സാധാരണക്കാര്‍ക്ക് പ്രയോജനമായത് സര്‍ക്കാരിന്റെ കിറ്റും ക്ഷേമ പെന്‍ഷനും ആണ്. പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനുള്ള കാരണവും ഇതുതന്നെയായിരുന്നു. ഇതേ രീതിയില്‍ ജനങ്ങളെ കയ്യിലെടുക്കാന്‍ ഒരുങ്ങുകയാണ് മോദി സര്‍ക്കാരും.

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഒരു പടികൂടെ കടന്ന് പോസ്റ്റര്‍ പ്രചാരണത്തിന് ഇറങ്ങിയിരിക്കുകയാണ്. സംസ്ഥാന വകുപ്പിന്റെ മേല്‍നോട്ടത്തില്‍ തന്നെയാണ് കേന്ദ്രം പ്രചാരണ പരിപാടികള്‍ നടത്തുക. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന എന്ന പദ്ധതി പ്രകാരമാണ് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുക. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങുന്ന പോസ്റ്റര്‍ എല്ലാ റേഷന്‍കടകളിലും പതിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

അതനുസരിച്ച് എല്ലാ റേഷന്‍ കടകളിലും പോസ്റ്റര്‍ പതിപ്പിക്കാന്‍ സിവില്‍ സപ്ലൈസ് ഓഫീസര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ജില്ലാ സപ്ലൈ ഓഫീസര്‍മാരും റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരും പോസ്റ്റര്‍ പതിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്തണം.

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യവിതരണത്തിന് പ്രചാരണം നല്‍കുന്നില്ലെന്ന് സംസ്ഥാന ബിജെപി നേതൃത്വത്തിന് പരാതി ഉണ്ടായിരുന്നു. ഇതോടുകൂടി അതിനൊരു പരിഹാരമായി. ബിജെപി ഭരിക്കുന്നസംസ്ഥാനങ്ങളില്‍ അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയുടെയും മോദിയുടെയും ചിത്രമാണ് ഉണ്ടായിരിക്കുക എന്നാല്‍ കേരളത്തില്‍ മോദിയുടെ ചിത്രവും ഭക്ഷ്യവിതരണവുമായി ബന്ധപ്പെട്ട വിവരങ്ങളും ആയിരിക്കും ഉണ്ടായിരിക്കുക.