ഈശോ നോട്ട് ഫ്രം ദ ബൈബിള്‍; നാദിർഷായുടെ ചിത്രത്തിനെതിരെ വൻ പ്രതിഷേധം

Entertainment News

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പേരിനെതിരെ പ്രതിഷേധവുമായി പ്രശസ്തരും സൈബർ ലോകവും. ‘നോട്ട് ഫ്രം ദ ബൈബിള്‍’ എന്ന ടാഗ്‌ലൈനോട് കൂടെ വരുന്ന ഈശോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനെതിരെയാണ് കടുത്ത ആരോപണങ്ങൾ ഉയരുന്നത്.

ചിത്രത്തിന്റെ ടാഗ്‌ലൈൻ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ചു വൈദികനും ക്രിസ്ത്യന്‍ സംഘടനകളും ഇതിനോടകം പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനോടൊപ്പം സംവിധായകന്‍ അലി അക്ബറും ചിത്രത്തിന്റെ പേരിനെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്. ‘ഈശോ നോട്ട് ഫ്രം ബൈബിള്‍, ഒരു സിനിമയുടെ പേരാണ്, മുഹമ്മദ് നോട്ട് ഫ്രം ഖുറാന്‍ എന്ന് പേരിടാന്‍ ഇവര്‍ക്ക് ധൈര്യം വരുമോ’ എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് പേരിനെ അദ്ദേഹം വിമർശിച്ചത്.

കത്തോലിക്ക വൈദികനായ ഫാ. സെബാസ്റ്റിയന്‍ ജോണ്‍ കിഴക്കേതിലും ഇതേ രീതിയിലാണ് സിനിമയുടെ പേരിനെതിരെ പ്രതികരിച്ചത്. ‘മുഹമ്മദ് എന്ന പേരുള്ള അനേകം മുസ്ലീങ്ങളുണ്ടല്ലോ, അടുത്ത പടത്തിനു മുഹമ്മദ് നോട്ട് ഫ്രം ദി ഖുർആൻ എന്ന ടാഗ്‌ലൈനില്‍ ഒരു പടം ഇറക്കാന്‍ പറ്റുമോ?’ എന്നാണ് അദ്ദേഹം വിമർശനാന്മകമായി ചോദിച്ചത്.

ചിത്രത്തിന്റെ പേരിൽ വിമര്ശനങ്ങൾ കടുത്തതോടെ വിഷയത്തിൽ സംവിധായകൻ നാദിർഷ പ്രതികരിച്ചിട്ടുണ്ട്. സിനിമയുടെ പേര് മാറ്റാന്‍ താന്‍ ആലോചിക്കുന്നില്ലെന്നും, പക്ഷേ ടാഗ്‌ലൈന്‍ മാറ്റുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. താന്‍ ഏറെ ബഹുമാനിക്കുന്ന പ്രവാചകനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ലെന്നും, ഇത് കേവലമൊരു കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും നാദിര്‍ഷ ഫെയ്‌സ്ബുക്കിലൂടെ വിശദമാക്കിയിട്ടുണ്ട്.