‘സ്റ്റുഡന്റ്‌സ് ഇന്ത്യ’ തീര്‍ത്ത്മഅദിന്‍ അക്കാദമി

Education Keralam News

മലപ്പുറം: റിപ്ലബിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി നയമനോഹര ഇന്ത്യ തീര്‍ത്ത്, ഗ്രാന്റ് അസംബ്ലി നടത്തി മലപ്പുറം മഅദിന്‍ അക്കാദമി. 60 മീറ്റര്‍ നീളത്തിലും 50 മീറ്റര്‍ വീതിയിലുമൊരുക്കിയ സ്റ്റുഡന്റ്‌സ് ഇന്ത്യയില്‍ രണ്ടായിരത്തിലധികം വിദ്യാര്‍ഥികള്‍ അണിചേര്‍ന്നു. ഓറഞ്ച്, വെള്ള, പച്ച നിറത്തിലുള്ള തൊപ്പികള്‍ ധരിച്ചെത്തിയ വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് നിശ്ചയിച്ച പോയിന്റില്‍ പൂര്‍ണ അച്ചടക്കത്തോടെ നിന്നപ്പോള്‍ വിണ്ണിലൊരുക്കിയ ഇന്ത്യയുടെ മനോഹര ചിത്രം തെളിയുകയായിരുന്നു. വിവിധ ഹാന്‍ഡ് ഡിസ്പ്ലേകള്‍ ഗ്രാന്റ് അസംബ്ലിക്ക് മാറ്റുകൂട്ടി.

'എന്നുമെന്റെ ഇന്ത്യ' എന്ന പ്രമേയത്തിലൊരുക്കിയ ഗാനശില്‍പ്പം ഇന്ത്യയിലെ സാഹോദര്യ സ്നേഹം വരച്ചു കാട്ടുന്ന ഈരടികളായി മാറി. മഅദിന്‍ ഖുര്‍ആന്‍ കോളജ് അധ്യാപകന്‍ ഹബീബ് സഅദി മൂന്നിയൂര്‍ രചന നിര്‍വ്വഹിച്ച് ഈണം നല്‍കിയ ഗാനശില്‍പ്പത്തിന് മഅദിന്‍ ഹിഫ്‌ള് വിദ്യാര്‍ത്ഥികളായ മാസ്റ്റര്‍ അസദ് പൂക്കോട്ടൂരും സംഘവും നേതൃത്വം നല്‍കി.  കഴിഞ്ഞ ഓഗസ്റ്റ് 15 ന് വിദ്യാര്‍ഥികളെ അണിനിരത്തി മഅദിന്‍ അക്കാദമി ഒരുക്കിയ 'ഐലൗവ് ഇന്ത്യ' ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. 

മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പതാക ഉയര്‍ത്തി സന്ദേശ പ്രഭാഷണം നടത്തി. ഭരണഘടനാ വായനക്കും അദ്ധേഹം നേതൃത്വം നല്‍കി. മഅദിന്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് സല്യൂട്ട് സ്വീകരിച്ചു.  

മലപ്പുറം എ ഇ ഒ അബ്ദുസ്സലാം മുഖ്യാതിഥിയായി. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സൈദലവി സഅദി, ദുല്‍ഫുഖാറലി സഖാഫി, മഅദിന്‍ പബ്ലിക് സ്‌കൂള്‍ സീനിയര്‍ പ്രിന്‍സിപ്പല്‍ ഉണ്ണിപ്പോക്കര്‍, പ്രിന്‍സിപ്പല്‍ സൈതലവിക്കോയ, അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, അബ്ദുറഹ്മാന്‍ ചെമ്മങ്കടവ്, ഫാറൂഖ് ചെറുമുക്ക് എന്നിവര്‍ സംബന്ധിച്ചു.