സംസ്ഥന സ്‌കൂള്‍ കലോത്സവത്തിനുള്ള സ്വര്‍ണക്കപ്പ് വന്നു; കോഴിക്കോട് കൗമാരക്കലയുടെ കേളികൊട്ട് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം.

Education Keralam News

കോഴിക്കോട്: സംസ്ഥന സ്‌കൂള്‍ കലോത്സവത്തിന് അരങ്ങുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. അറുപത്തിയൊന്നാം കേരള സ്‌കൂള്‍ കലോത്സവത്തിനെത്തുന്ന കലാപ്രതിഭകളെ സ്വീകരിക്കാന്‍ കോഴിക്കോട് നഗരം ഒരുങ്ങിക്കഴിഞ്ഞു. സംസ്ഥാന കലോത്സവത്തില്‍ ഒന്നാംസ്ഥാനം നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് തിങ്കളാഴ്ച കോഴിക്കോട്ടെത്തി.

പാലക്കാട് നിന്ന് ഘോഷയാത്രയായി കൊണ്ടുവരുന്ന സ്വര്‍ണക്കപ്പ് രാമനാട്ടുകരയില്‍വെച്ച് ഉച്ചയ്ക്ക് ഒരുമണിയോടെ സംഘാടകസമിതി ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ., കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ്കുമാര്‍ ട്രോഫി കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞഹമ്മദ്കുട്ടി എം.എല്‍.എ., തുടങ്ങിയവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങും. സ്വര്‍ണക്കപ്പുമായുള്ള ഘോഷയാത്ര മൂന്നുമണിയോടെ മുതലക്കുളം മൈതാനിയിലെത്തും.ശേഷം ആറുമണിവരെ കപ്പ് മാനാഞ്ചിറ സ്‌ക്വയറില്‍ പ്രദര്‍ശനത്തിനായിവെക്കും.

കഴിഞ്ഞ ഒന്നരമാസമായി കലോത്സവത്തിനായുള്ള തയ്യാറെടുപ്പുകളിലായിരുന്നു നഗരം.ഇരുന്നൂറ്റി മുപ്പത്തൊമ്പത് ഇനങ്ങളിലായി 14,000 -ഓളം മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും. ഇരുപത്തിനാല് വേദികളാണ് ഇതിനായി സജ്ജീകരിച്ചിരിച്ചിട്ടുള്ളത്. മത്സരവേദികള്‍ക്ക് സാഹിത്യത്തിലെ ഭാവനാഭൂപടങ്ങള്‍ അടങ്ങിയ പേരുകളാണ് നല്‍കിയിട്ടുള്ളത് . കലോത്സവവേദികളിലേക്ക് സുഗമമായി എത്തുന്നതിന് സംഘാടകര്‍ ഗൂഗിള്‍ മാപ്പും ഒരുക്കിയിട്ടുണ്ട്.