പത്താം ക്ലാസ്സുകാർക്ക് ഗ്രേസ് മാര്‍ക്ക് നൽകാതിരുന്ന സർക്കാർ തീരുമാനം; അംഗീകരിച്ച് ഹൈക്കോടതിയും

Education Keralam News

കൊച്ചി: കഴിഞ്ഞ അധ്യയന വര്‍ഷത്തിൽ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നൽകാതിരുന്ന സർക്കാരിന്റെ തീരുമാനത്തെ അംഗീകരിച്ച് ഹൈക്കോടതിയും. പത്താം ക്ലാസ്സിലെ പരീക്ഷയെഴുതി കിട്ടിയ മാർക്കിനൊപ്പം ഗ്രേസ് കൂട്ടാതെ പ്ലസ് വണിലേക്കുള്ള പ്രവേശന സമയത്ത് ഗ്രേസിനു അർഹതയുള്ള വിദ്യാര്‍ഥികള്‍ക്ക് ബോണസ് പോയിന്‍റ് കൊടുക്കുമെന്ന സർക്കാർ തീരുമാനത്തെയും ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്.

പത്താം ക്ലാസ്സിലെ വിദ്യാർഥികൾക്കു ഗ്രേസ് മാര്‍ക്ക് നൽകാതിരുന്ന സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് വിദ്യാര്‍ഥികളും, വിദ്യാർത്ഥി സംഘടനയായ കെഎസ് യുവും സമർപ്പിച്ച ഹർജികൾ ഇതോടെ കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചിരുന്നത്. എട്ടാം ക്ലാസ്സിലും ഒൻപതാം ക്ലാസ്സിലും നൽകിയിരുന്ന ഗ്രേസ് മാര്‍ക്ക് പത്താം ക്ലാസ്സിലും കൊടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയിരുന്നത്. എന്നാൽ കോവിഡ് സാഹചര്യത്തിൽ സ്കൂളുകള്‍ പ്രവർത്തിക്കാത്തതിനാൽ പാഠ്യേതര പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും അതിനാൽ ഗ്രേസ് മാര്‍ക്ക് കൊടുക്കേണ്ട കാര്യമില്ലെന്നുമായിരുന്നു സർക്കാർ ഈ വിഷയത്തിൽ വ്യക്തമാക്കിയത്.