താന്‍ പഠിച്ച മലപ്പുറം എം.എസ്.പി സ്‌കൂളിലെ മൂന്ന് അധ്യാപികമാരുടെ ചിത്രങ്ങള്‍ അശ്ലീലമായി മോര്‍ഫ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിച്ചു. പൂര്‍വ്വവിദ്യാര്‍ഥി അറസ്റ്റില്‍

Breaking Crime Local News

മലപ്പുറം: താന്‍ പഠിച്ച സ്‌കൂളിലെ മൂന്നു അധ്യാപികമാരുടെ ചിത്രങ്ങള്‍ അശ്ലീലമായി മോര്‍ഫ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിച്ച പൂര്‍വ്വവിദ്യാര്‍ത്ഥി അറസ്റ്റില്‍. മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്നു അധ്യാപികമാരുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച മലപ്പുറം കോട്ടപ്പടി ചെറാട്ട്കുഴി മഞ്ചേരി തൊടിയില്‍ ബിനോയി (26)ആണ് അറസ്റ്റിലായത്.

മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാന അധ്യാപികയുടെയും മറ്റു രണ്ടുഅധ്യാപികമാരുടെയും ഫോട്ടോകള്‍ അവരുടെ സോഷ്യല്‍ മീഡിയാ പേജല്‍നിന്നും എടുത്ത ശേഷം മുഖം മാത്രം എടുത്ത അശ്ലീല ഫോട്ടോകളില്‍ മോര്‍ഫ്‌ചെയ്താണു പ്രചരിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. ഇതിനാായി സ്‌കൂളിലെ പ്രധാന അധ്യാപികയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കുകയും ഇതില്‍ ഇവ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 2014-2016 വര്‍ഷങ്ങളില്‍ എം.എസ്.പി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു പ്രതിയായ ബിനോയി.

പ്രതിയുടെ കൈവശത്തില്‍ ഉണ്ടായിരുന്ന ലാപ്‌ടോപ്പില്‍ നിന്നും മൊബൈല്‍ ഫോണില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും മറ്റും ഡൗണ്‍ലോഡ് ചെയ്ത് നൂറുകണക്കിന് അശ്ലീല ചിത്രങ്ങളും മോര്‍ഫു ചെയ്ത ചിത്രങ്ങളും മലപ്പുറം സൈബര്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വ്യാജമായ അക്കൗണ്ടിലൂടെ അധ്യാപികമാരെ അപകീര്‍ത്തി പ്പെടുത്തുന്നതിനും ഈ അക്കൗണ്ട് ഫോളോ ചെയ്യുന്ന ആളുകളുടെ എണ്ണം കൂട്ടുന്നതിനുമായാണ് ഇത്തരത്തില്‍ ചെയ്തതെന്നു പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. വ്യാജമായ ഈ പ്രൊഫൈലില്‍ രണ്ടായിരത്തോളം ഫോളോവേഴ്‌സ് ഉണ്ട്. മറ്റാരുടെയെങ്കിലും പ്രേരണയോ സഹായമോ ഇക്കാര്യത്തില്‍ പ്രതിക്കു ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പുതുതായി ചാര്‍ജെടുത്ത മലപ്പുറം അഡീഷണല്‍ എസ്.പി: പി.എം. പ്രദീപ്കുമാറിന് ലഭിച്ച പരാതിയിലാണു ഉടനടി നടപടിയുണ്ടായത്.

അതേ സമയം എന്തിനാണു ഇത്തരത്തില്‍ ചെയ്തതെന്ന കാര്യത്തിന് പ്രതി മറുപടി നല്‍കിയിട്ടില്ല. അധ്യാപികമാരോടുള്ള വിരോധമാകാം കാരണമെന്നാണു കരുതുന്നത്. എ.എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ഡിവൈ.എസ്.പി അബ്ദുല്‍ ബഷീര്‍, സൈബര്‍ പോലീസ് സേ്റ്റഷന്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ. അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍, സൈബര്‍ പോലീസ് സേ്റ്റഷന്‍ എസ്.ഐ അബ്ദുല്‍ലത്തീഫ്, എ.എസ്.ഐ റിയാസ് ബാബു, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ അശോക് കുമാര്‍, മുഹമ്മദ് ഷാഫി എന്നിവര്‍ ചേര്‍ന്ന് നടത്തിയ സമഗ്രമായ അനേ്വഷണത്തിലാണ് പ്രതി അറസ്റ്റിലായത്. മറ്റു നടപടികള്‍ക്ക് ശേഷം പ്രതിയെ നാളെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കും.