കര്‍ഷക കുടുംബത്തിലെ അഞ്ചു സഹോദരിമാർ സിവില്‍ സര്‍വീസിലേക്ക്; അപൂർവനേട്ടവുമായി രാജസ്ഥാനി കുടുംബം

Education India News

ഹനുമാന്‍ഘർ: സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്ന് സിവില്‍ സർവീസ് നേടി അഞ്ച് പെണ്‍കുട്ടികൾ. രാജസ്ഥാനിലെ ഹനുമാന്‍ഘറിലാണ് ഒരു വീട്ടിൽ നിന്ന് അഞ്ചു സഹോദരിമാർ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായി സംസ്ഥാനത്തിന് തന്നെ അഭിമാനമായിരിക്കുന്നത്. ആദ്യമായാണ് ഒരു കുടുംബത്തിലെ ഇത്രയും അഗങ്ങള്‍ക്ക് സിവില്‍ സര്‍വീസ് ലഭിക്കുന്നത്.

കൃഷിക്കാനായ സഹദേവ സഹരന്റെയും പ്രാഥമിക സ്കൂൾ വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത ഭാര്യയുടെയും അവസാനത്തെ മൂന്നു പെൺകുട്ടികൾ കൂടെ ഈ അടുത്ത സിവിൽ സർവീസ് നേടിയതോടെയാണ് എല്ലാ മക്കളും സിവിൽ സർവീസിലെന്ന അപൂർവ നേട്ടം കൈവരിക്കാനായത്. അനശു, രീതു, സുമന്‍ എന്നീ മൂന്നുപേരാണ് അവസാനമായി സിവിൽ സർവീസ് നേടിയത്. ഇവർ മൂന്നു പേരും ഒരുമിച്ചാണ് വലിയ നേട്ടം കൈവരിച്ചതെന്നത് വിജയത്തിന് തിളക്കം കൂട്ടുന്നു. ഇവരുടെ മൂത്ത രണ്ടു പെൺകുട്ടികൾ ദീര്‍ഘകാലമായി രാജസ്ഥാന്‍ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ ജോലി ചെയ്തു വരികയാണ്.

തങ്ങൾക്കു പഠിക്കാനായില്ലെങ്കിലും വിദ്യാഭ്യാസത്തിന്റെ വിലയറിഞ്ഞ സഹദേവ സഹരനും ഭാര്യയും മക്കളെ കഷ്ടപ്പെട്ട് പഠിപ്പിക്കുകയായിരുന്നു. പെൺ ഭ്രൂണഹത്യയിൽ ഏറ്റവും മുന്നിലുള്ള, പെൺകുട്ടികൾ ഏറ്റവും കൂടുതൽ വിവേചനം നേരിടുന്ന, സ്ത്രീകളുടെ സാക്ഷരത ഏറ്റവും കുറവുള്ള ഒരു സംസ്ഥാനത്തെ ഒരു കുടുംബത്തിൽ നിന്ന് അഞ്ചു പെൺകുട്ടികൾ എത്ര വലിയ ഉയരത്തിൽ എത്തുന്നത് വലിയ കാര്യം തന്നെയാണ്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒരുപാടു ആളുകൾ ഇവർക്ക് ആശംസയുമായി എത്തുന്നുണ്ട്.