വീണ്ടും ഐ പി എൽ പൂരം: തുടക്കം ബദ്ധവൈരികൾ തമ്മിലുള്ള പോരാട്ടത്തോടെ

India News Sports

കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14-ാമത് പതിപ്പ് നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് പുനരാരംഭിക്കും. കഴിഞ്ഞ മേയിൽ കളിക്കാരിൽ നിരവധി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് എട്ട് ടീമുകളുടെ ലീഗ് പാതിവഴിയിൽ നിർത്തി വെച്ചതായിരുന്നു.

ഐപിഎൽ 2021 ലെ രണ്ടാം ഘട്ടത്തിലെ ആദ്യ പോരാട്ടത്തിൽ ബദ്ധവൈരികളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്‌സും ആണ് ഏറ്റുമുട്ടുന്നത്. ഏറ്റവും പ്രശസ്തമായ ക്രിക്കറ്റ് ടൂർണമെന്റുകളിലൊന്ന് താൽക്കാലികമായി നിർത്തിവച്ചത് ദശലക്ഷക്കണക്കിന് ആരാധകർക്ക് വലിയ തിരിച്ചടിയായിരുന്നു. ഇനി ക്രിക്കറ്റ് കാർണിവൽ ആവേശം അലതല്ലുമെന്നുറപ്പ്.

അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ തങ്ങളുടെ തുടർച്ചയായ മൂന്നാം കിരീടത്തിനുള്ള ശ്രമത്തിലാണ് മത്സരിക്കുന്നത്. മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ മൂന്ന് തവണ വിജയികളായ ചെന്നൈ താരങ്ങളുടെ കാര്യത്തിൽ വൻ വെല്ലുവിളിയാണ് സൃഷ്ടിക്കുക.

കളിക്കാർക്ക് ആവേശം പകരാൻ യു.എ.ഇ യിൽ നടക്കുന്ന മത്സരങ്ങളിൽ പരിമിതമായ എണ്ണം കാണികളെ സംഘാടകർ അനുവദിച്ചിട്ടുണ്ട്. രണ്ട് വർഷത്തിനിടെ ആദ്യമായാണ് ആരാധകർ സ്റ്റേഡിയത്തിൽ എത്തുന്നത്.