മികിസിക്കുള്ളിലും മലാശയത്തിലും സ്വര്‍ണക്കടത്ത്. കരിപ്പൂരില്‍ രണ്ടുപേര്‍ പിടിയില്‍

Crime Keralam Local News

മലപ്പുറം: മികിസിക്കുള്ളിലും മലാശയത്തിലും സ്വര്‍ണക്കടത്ത്. കരിപ്പൂരില്‍ രണ്ടുപേര്‍ പിടിയില്‍. കരിപ്പൂര്‍ വിമാനത്തവളംവഴി മിക്‌സിക്കുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമം. മിക്‌സിയുടെ ഗൈന്‍ഡറിന്റെ കപ്പാസിറ്റര്‍ കെയ്‌സിനുള്ളിലാണ് 180 ഗ്രാം ഭാരമുള്ള സിലിണ്ടര്‍ ആകൃതിയിലുള്ള സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
ദുബായില്‍ നിന്ന് ഐ എക്‌സ് 346 വിമാനത്തില്‍ എത്തിയ കാസര്‍കോട് തെക്കില്‍ സ്വദേശി മുഹമ്മദ് ജവാദില്‍നിന്നാണ് (28)ഇത്തരത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്.
കരിപ്പൂരിലെത്തിയ ഇയാളുടെ ബാഗുകള്‍ പരിശോധിച്ചപ്പോള്‍ ആദ്യം സംശയം തോന്നി. ഇതോടെ റീഎക്‌സ്‌റേയിലെ സംശയാസ്പദമായ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍, ബാഗേജ് തുറന്ന് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് മിക്‌സര്‍ ഗ്രൈന്‍ഡറിന്റെ കപ്പാസിറ്റര്‍ കെയ്‌സിനുള്ളില്‍ ഒളിപ്പിച്ച 180 ഗ്രാം സിലിണ്ടര്‍ ആകൃതിയിലുള്ള സ്വര്‍ണക്കഷണം കണ്ടെടുത്തത്. 11ലക്ഷം മൂല്യംവരുന്ന സ്വര്‍ണമാണു ഇയാളില്‍നിന്നും പിടികൂടിയത്.

ഇയാള്‍ക്കു പുറമെ ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 57 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം കുന്നപ്പള്ളി സ്വദേശി മുഹമ്മദ് അനീസ് മീമ്പിടി (43)യേയും കസ്റ്റംസ് പിടികൂടി. 983 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ മിശ്രിതം ഇയാള്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുകയായിരുന്നു. റാസല്‍ഖൈമയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 332 വിമാനത്തില്‍ എത്തിയ അനീസിനെ സംശയം തോന്നി ചോദ്യം ചെയ്യുകയായിരുന്നു. ആദ്യം സ്വര്‍ണം ഒളിപ്പിച്ചതു സമ്മതിക്കാതിരുന്ന പ്രതിയെ വീണ്ടും ചോദ്യംചെയ്ത് പരിശോധിച്ചപ്പോഴാണ് ഇയാളുടെ ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 983 ഗ്രാം തൂക്കമുള്ള മൂന്നു സ്വര്‍ണ ഗുളികകള്‍ കണ്ടെടുത്തത്.