വിവാഹ അഭ്യർഥന നിരസിച്ചതിന് കൊലപാതക ശ്രമം; യുവാവ് അറസ്റ്റിൽ

Crime Keralam News

ആലപ്പുഴ: വിവാഹ അഭ്യർഥന നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.
നൂറനാട് തത്തമുന്ന വടക്കേകാലായിൽ വീട്ടിൽ അനന്ദു(24)വാണ് അറസ്റ്റിലായത്.
നൂറനാട് സ്വദേശിനിയെയാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്.
കഴിഞ്ഞ ഏഴാം തീയതി രാത്രി 9.30 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
കുറച്ചു നാളുകളായി പ്രതി സ്ത്രീയുടെ പുറകെ നടന്ന് ശല്യപ്പെടുത്തുകയായിരുന്നു.
തന്നെ കല്യാണം കഴിക്കണമെന്നും അല്ലെങ്കിൽ കൊന്നു കളയുമെന്നുമായിരുന്നു ഭീഷണി.
ഏഴാം തീയതി രാത്രി പെൺകുട്ടിയെ കണ്ട പ്രതി വീട്ടിലേക്ക് വരണമെന്ന് നിർബന്ധിക്കുകയും വഴങ്ങാതിരുന്നപ്പോൾ കയ്യിലുണ്ടായിരുന്ന ഹെൽമെറ്റ് കൊണ്ട് ഉപദ്രവിക്കുകയുമായിരുന്നു.
ഹെൽമെറ്റ് കൊണ്ട് അടിയേറ്റ പെൺകുട്ടിയുടെ മൂക്ക് പൊട്ടി. തലയിലും കൈക്കും പരുക്കേറ്റു.
തുടർന്ന് പെൺകുട്ടി ഓടി രക്ഷപ്പെട്ട് നൂറനാട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പെൺകുട്ടിയുടെ പരാതിയിൽ കൊലപാതക ശ്രമത്തിന് കേസ് രജിസ്‌റ്റർ ചെയ്തു.ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസം ചാരുംമൂട് നിന്ന് അറസ്‌റ്റ് ചെയ്യുകയായിരുന്നു.
മാവേലിക്കര ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
.