സ്വര്‍ണം പൊടിച്ച്ക്രീമിലും, ചീര്‍പ്പിനകത്തുംവരെ ഒളിപ്പിച്ചു.കരിപ്പൂരില്‍ 1.30കോടിയുടെ സ്വര്‍ണവേട്ട

Breaking Crime Local News

മലപ്പുറം: സ്വര്‍ണം പൊടിച്ച് ക്രീമിലും, ചീര്‍പ്പിനകത്തും വരെ ഒളിപ്പിച്ചു കടത്താന്‍ ശ്രമം. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ .30കോടിയുടെ സ്വര്‍ണവേട്ട. മൂന്ന് പേര്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ പിടിയില്‍. മൂന്നുപേരില്‍നിന്നായി 2.145 കിലോ ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

അബുദാബിയില്‍നിന്ന് എത്തിയ കാസര്‍കോട് സ്വദേശി നിസാമുദ്ദീന്‍ (32) നിന്നും 814 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇയാളുടെ ബാഗേജില്‍ പരിശോധന നടത്തിയത്. ആദ്യമൊന്നും കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ അതിവിദഗ്ധമായ രീതിയില്‍ കടത്തിയ സ്വര്‍ണം കണ്ടെത്തിയത്.

സ്വര്‍ണം പൊടി രൂപത്തിലാക്കി ചീര്‍പ്പ്, ക്രീമുകള്‍ എന്നിവയ്ക്ക് അകത്തുവെച്ചാണ് കടത്താന്‍ ശ്രമിച്ചത്. തുടര്‍ന്ന്, നടത്തിയ പരിശോധനയില്‍ ഇയാളുടെ ബാഗേജിലെ പെര്‍ഫ്യൂം ബോട്ടിലില്‍നിന്ന് സ്വര്‍ണം കണ്ടെത്തിയിട്ടുണ്ട്. കരിപ്പൂരിലൂടെ വിവിധ മാര്‍ഗത്തില്‍ സ്വര്‍ണം കടക്കുന്നുണ്ടെങ്കിലും ഇത് ആദ്യമായാണ് കസ്റ്റംസിന്റെ കണ്ണ് വെട്ടിക്കാന്‍ ഇത്തരത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇയാളില്‍നിന്ന് 814 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതമാണ് പിടിച്ചത്. ഇത് സ്വര്‍ണത്തിലേക്ക് മാറ്റിയപ്പോള്‍ അത് 259 ഗ്രാം സ്വര്‍ണ്ണമായി കുറഞ്ഞു. ഇതിന് വിപണിയില്‍ 15,78,605 രൂപ വിലമതിപ്പുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായില്‍നിന്ന് എത്തിയ ബാലുശേരി സ്വദേശി അബൂ സഫീല്‍ നിന്നുമാണ് 1097 ഗ്രാം സ്വര്‍ണം പിടികൂടിയത്. ഇയാള്‍ മിശ്രിത രൂപത്തിലുള്ള സ്വര്‍ണം നാല് ക്യാപ്‌സൂളുകളാക്കി ശരീരത്തില്‍ വെച്ച് രഹസ്യമായി കടത്തുന്നതിനിടയിലാണ് പിടിയിലായത്. ഇയാളില്‍നിന്ന് പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ 66,80,730 രൂപ വിലയുണ്ടെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മൂന്നാമത് നടത്തിയ പരിശോധനയില്‍ ഇന്‍ഡിഗോ വിമാനത്തില്‍ ജിദ്ദയില്‍നിന്ന് എത്തിയ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് അടുത്തുള്ള സജ്ജാദ് കാമില്‍ നിന്നുമാണ് 789 ഗ്രാം സ്വര്‍ണം പിടികൂടിയത്. ഇയാളും മിശ്രിത രൂപത്തിലുള്ള സ്വര്‍ണം മൂന്ന് ക്യാപ്‌സൂളുകളാക്കി കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് കസ്റ്റംസ് വലയിലായത്. ഇതോടെ മൂന്ന് വ്യത്യസ്ത യാത്രക്കാരില്‍ നിന്നായി ഒരുകോടി 30,64,345 രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റ് വിഭാഗം ഉദ്യോഗസ്ഥര്‍ പിടികൂടിയത്.