കുഴൽപ്പണവുമായി വന്ന രണ്ട് യുവാക്കൾ പരപ്പനങ്ങാടി പോലീസ് പിടിയിൽ

Crime Local News

പരപ്പനങ്ങാടി : ചെമ്മാട് ഭാഗത്തേക്ക് കൊടുവള്ളിയിൽ നിന്നും കുഴൽപ്പണവുമായി വന്ന കൊടുവള്ളി സ്വദേശികളായ രണ്ടുപേരെ പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ ജിനേഷ് കെ ജെ, സബ് ഇൻസ്പെക്ടർ അരുൺ ആർ യു, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ അനീഷ് പീറ്റർ, സ്മിതേഷ് സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്,ദിലീപ്, വിബീഷ്, മുജീബ് റഹ്മാൻ എന്നിവർ ചേർന്ന് പരപ്പനങ്ങാടിയിൽ വച്ച് അറസ്റ്റ് ചെയ്തു. കൊടുവള്ളി ഓമശ്ശേരി സ്വദേശികളായ ഉരുളൻ കുന്നുമ്മൽ വീട്ടിൽ അഹമ്മദ് കുട്ടിയുടെ മകൻ ഹസൻ (25), നെല്ലിയുള്ള പൊയിൽ ഹുസൈൻ മകൻ ഉനൈസ് (28) എന്നിവരെയാണ് മുപ്പത്തൊന്നു ലക്ഷത്തി മുപ്പത്തിനാലായിരത്തി അഞ്ഞൂറ് രൂപ സഹിതം പിടികൂടിയത്.പൾസർ മോട്ടോർസൈക്കിളിന്റെ പെട്രോൾ ടാങ്ക് കട്ട് ചെയ്തു ആയതിനുള്ളിൽ പ്രത്യേകമായ അറയുണ്ടാക്കി ആയതിലാണ് ഈ പണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ പി എസിന്റെ മേൽനോട്ടത്തിൽ പെരിന്തൽമണ്ണ, തേഞ്ഞിപ്പാലം, വളാഞ്ചേരി, മേലാറ്റൂർ, കൽപകഞ്ചേരി, മങ്കട,പരപ്പനങ്ങാടി, മലപ്പുറം എന്നീ സ്റ്റേഷനുകളിൽ സമീപ സമയങ്ങളിലായി കോടി കണക്കിന് രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്.പിടികൂടിയ പണം പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. ഇക്കാര്യത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിനും തുടർനടപടികൾക്കായി അപേക്ഷ സമർപ്പിക്കുമെന്നും പരപ്പനങ്ങാടി പോലീസ് അറിയിച്ചു