കഞ്ചാവുമായി സൈനികനടക്കം രണ്ടുപേര്‍ കാളികാവ് പോലീസിന്റെ പിടിയിൽ

Crime Local News

കാളികാവ്: കഞ്ചാവുമായി സൈനികനടക്കം രണ്ടുപേര്‍ കാളികാവ് പോലീസിന്റെ പിടിയിലായി. ചോക്കാട് സ്വദേശി സൈനികനായ പുലത്ത് അഫ്‌സല്‍ (30), കൂരാട് സ്വദേശി മാഞ്ചേരി സല്‍സബീല്‍ (26) എന്നിവരെയാണ് കഞ്ചാവും പണവുമായി പോലീസ് പിടികൂടിയത്. വ്യാഴാഴ്ച അര്‍ധരാത്രി പട്രോളിംഗ് നടത്തുന്നതിനിടെ ചോക്കാട് അങ്ങാടിയില്‍ വച്ചാണ് ഇരുവരെയും പോലീസ് പിടികൂടിയത്. 435 ഗ്രാം കഞ്ചാവും 12,000 രൂപയും ഇവരില്‍ നിന്നു പിടിച്ചെടുത്തു. ചോക്കാട് അങ്ങാടി ബസ് സ്റ്റോപ്പിനടുത്ത് സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. രാഷ്ട്രീയ റൈഫിള്‍സ് വിഭാഗത്തില്‍ ജോലി ചെയ്ത് വരുന്നതിനിടെ അവധിക്കെത്തിയതാണ് അഫ്‌സല്‍. ഇതിനിടെയാണ് കഞ്ചാവുമായി പിടിയിലാകുന്നത്. ചോക്കാട് കേന്ദ്രീകരിച്ച് എംഡിഎംഎയും കഞ്ചാവും വിപണനം നടക്കുന്നത് പോലീസും എക്‌സൈസും മുമ്പുപല തവണ പിടികൂടിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി പിടികൂടിയവരെ കേന്ദ്രീകരിച്ച് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
സിഐ എം. ശശിധരന്‍പിള്ളയുടെ നേതൃത്വത്തില്‍ എ എസ്‌ ഐ സി.ടി സാബിറ, സീനിയര്‍ സിപിഒമാരായ പി. ജിതിന്‍,വി. വ്യധീഷ്, എം.കെ മഹേഷ്, കെ. നൗഷാദ്, വി. ബാബു, എം. സുരേഷ്ബാബു എന്നിവരാണ് പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്തത്. പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി