ഉമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണ ആരംഭിച്ചു

Crime Local News

മഞ്ചേരി : ഉമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണ ആരംഭിച്ചു.വയോധികയായ മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ ഇന്നലെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) യില്‍ ആരംഭിച്ചു. തിരൂര്‍ ചെറവന്നൂര്‍ വാരിയത്ത് അബ്ദുറഹിമാന്റെ ഭാര്യ പാത്തുമ്മു എന്ന എണ്‍പതുകാരിയാണ് കൊല്ലപ്പെട്ടത്. മകനായ കല്പകഞ്ചേരി വളവന്നൂര്‍ വരമ്പനാല വാരിയത്ത് മൊയ്തീന്‍ (64) ആണ് പ്രതി. 2016 മാര്‍ച്ച് 21ന് വൈകീട്ട് ഏഴു മണിക്ക് താഴെ കടുങ്ങാത്തു കുണ്ടിലെ ഇടവഴിയിലാണ് കേസിന്നാസ്പദമായ സംഭവം. മകന്‍ തന്നെ സംരക്ഷിക്കുന്നില്ലെന്ന് കാണിച്ച് പാത്തുമ്മു തിരൂര്‍ കോടതിയില്‍ കേസ് കൊടുത്തിരുന്നു. പല ബന്ധുവീടുകളിലും മറ്റുമായി കഴിഞ്ഞു വന്നിരുന്ന പാത്തുമ്മുവുമായി മകനായ പ്രതിക്ക് സ്വത്ത് സംബന്ധമായ വിരോധവുമുണ്ടായിരുന്നു. ഇക്കാരണത്താല്‍ ഇടവഴിയില്‍ തടഞ്ഞു നിര്‍ത്തി മാതാവിനെ കശാപ്പു കത്തി ഉപയോഗിച്ച് മാതാവിനെ കഴുത്തറത്തു കൊന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കല്പകഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2016 മാര്‍ച്ച് 22ന് വളാഞ്ചേരി സിഐ ആയിരുന്ന കെ ജി സുരേഷ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴുത്തറുത്ത നിലയില്‍ മരണവുമായി മല്ലിടുന്ന പാത്തുമ്മുവിനെ ആദ്യം കണ്ട അയല്‍വാസിയായ കുഞ്ഞിപ്പ, മറ്റൊരു സാക്ഷിയായ അബ്ദുല്‍ കരീം എന്നിവരെ ഇന്നലെ കോടതി വിസ്തരിച്ചു. മകനില്‍ നിന്നും ചെലവിന് കിട്ടണമെന്നാവശ്യപ്പെട്ട് നല്‍കിയ കേസില്‍ പാത്തുമ്മുവിന് വേണ്ടി തിരൂര്‍ കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ഇസ്മയിലിനെ ഇന്ന് മഞ്ചേരി കോടതി വിസ്തരിക്കും. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി വാസു ഹാജരായി.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി