ഇരുമ്പുഴില്‍നിന്നും കാണാതായ പഞ്ചലോഹ വിഗ്രഹം കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍

Crime Local News

മഞ്ചേരി: ഇരുമ്പുഴി കോണിക്കല്ലിലെ മൂടേപുറത്ത് മുത്തന്‍ ക്ഷേത്രത്തില്‍ നിന്നും കാണാതായ പഞ്ചലോഹ വിഗ്രഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ക്ഷേത്രത്തിന്റെ പുറക് വശത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് വിഗ്രഹം കണ്ടെടുത്തത്. ക്ഷേത്ര കമ്മിറ്റി കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് വിഗ്രഹം കണ്ടത്. പൊലീസ് അന്വേഷണം ഭയപ്പെട്ട് മോഷ്ടാവ് ഉപേക്ഷിച്ചതാവുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുടുംബ ക്ഷേത്രത്തില്‍ ഒരു ലക്ഷം രൂപ വിലയുള്ള പഞ്ചലോഹവിഗ്രഹം കാണാതായത്. ശ്രീകോവിലിനുള്ളിലെ സ്വര്‍ണ്ണമാലയും ക്ഷേത്രത്തിലെ വിലപിടിപ്പുള്ള നിലവിളുക്കുകളുമൊന്നും നഷ്ടമായിട്ടില്ലായിരുന്നു.
ക്ഷേത്രങ്ങളുടെ വാതില്‍ ചവിട്ടിപൊളിച്ച നിലയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിലെ കര്‍മ്മങ്ങള്‍ ചെയ്യുന്ന ബാലകൃഷ്ണന്‍ കൃഷി സ്ഥലത്തേക്ക് ഇറങ്ങിയ സമയത്ത് ക്ഷേത്രത്തിലേക്ക് പ്രാര്‍ഥിക്കാന്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
മഞ്ചേരി സി ഐ റിയാസ് ചാക്കീരിയുടെയും എസ്.ഐ സുജിത്തിന്റെയും നേതൃത്വത്തിലുളള സംഘമാണ് അന്വേഷണം നടക്കുന്നത്.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി